തിരുവനന്തപുരം: ദേശീയ ചാനലിന്റെ ഒളികാമറാ വിവാദവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരെ കേസെടുക്കുന്നതിനെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോട് നിയമോപദേശം തേടി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്ന് പ്രാഥമിക അന്വേഷണം നടത്തിയ ഉത്തരമേഖലാ ഐ.ജി, പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലാണിത്. രണ്ട് ദിവസത്തിനുള്ളിൽ നിയമോപദേശം നൽകും.
ഒളികാമറാ വിവാദവുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പൊലീസ് മേധാവിയിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു.
പ്രത്യേകിച്ച് കണ്ടെത്തലുകളൊന്നുമില്ലാതെ സമർപ്പിച്ച റിപ്പോർട്ടിന്മേൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അറിയിച്ചിരുന്നു. ഇതിനിടെ എം.കെ രാഘവനെതിരായ ദൃശ്യങ്ങളുടെ പൂർണരൂപം ചാനൽ പൊലീസിന് കൈമാറി. ഇതേക്കുറിച്ച് ഐ.ജി പരിശോധന നടത്തുകയും ചെയ്തു. ഈ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് ഉത്തരമേഖലാ ഐ.ജി പൊലീസ് മേധാവിയെ അറിയിച്ചത്.
ചാനൽ പുറത്തുവിട്ട ദൃശ്യങ്ങളിൽ കൃതൃമത്വം ഉണ്ടോയെന്നതാണ് പ്രാഥമികമായി പരിശോധിച്ചത്. ഇതിൽ അന്തിമ തീരുമാനമെടുക്കാൻ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും ഐ.ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാഘവനെതിരെ ഇടതുമുന്നണി നൽകിയ പരാതിയിൽ കോഴിക്കോട് എ.എസ്.പിയും രാഘവൻ നൽകിയ പരാതിയിൽ കോഴിക്കോട് ഡി.സി.പിയുമാണ് അന്വേഷിക്കുന്നത്.