ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിന്റെ ആവേശത്തിരകൾ അടങ്ങുംമുമ്പ് ഇംഗ്ളീഷ് ക്ളാബുകളായ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടൻഹാമും ഇന്ന് വീണ്ടും മുഖാമുഖം. പ്രിമിയൽ ലീഗിൽ ഇവർ തമ്മിലുള്ള മത്സരം ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് അഞ്ചുമണിമുതലാണ്.
കഴിഞ്ഞ ഒരാഴ്ചയിക്കിടെ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടൻഹാമും മുഖാമുഖം വരുന്നത് മൂന്നാം തവണയാണ്. ചാമ്പ്യൻസ് ലീഗിലായിരുന്നു കഴിഞ്ഞ രണ്ട് മത്സരങ്ങളും. ആദ്യപാദ ക്വാർട്ടർ ഫൈനലിൽ 1-0 ത്തിന് ജയിച്ചത് ടോട്ടൻഹാമാണ്. രണ്ടാംപാദത്തിൽ മാഞ്ചസ്റ്റർ സിറ്റി സ്വന്തം തട്ടകത്തിൽ 4-3 ന് ജയിച്ചു. എന്നാൽ എവേ ഗോൾ മികവിൽ ചാമ്പ്യൻസ് ലീഗ് സെമിയിലേക്ക് കടക്കാനുള്ള യോഗം ടോട്ടൻഹാമിനായിരുന്നു. ഈ നിരാശയിലാണ് മാഞ്ചസ്റ്റർ സിറ്റി ഇന്ന് കളിക്കാനിറങ്ങുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരവും.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പുറത്തായതോടെ ഈ സീസണിൽ നാല് കിരീടങ്ങൾ നേടാമെന്ന മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതീക്ഷകളാണ് തകർന്നത്. ഇന്ന് കൂടി ടോട്ടൻഹാം ജയിച്ചാൽ സിറ്റിയുടെ പ്രിമിയർ ലീഗ് പ്രതീക്ഷകളും അവതാളത്തിലാകും. ലീഗിൽ 33 മത്സരങ്ങളിൽ നിന്ന് 83 പോയിന്റുമായി രണ്ടാംസ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി 34 മത്സരത്തിൽ നിന്ന് 85 പോയിന്റുള്ള ലിവർപൂളാണ് ഒന്നാംസ്ഥാനത്ത്.
ഇന്നത്തെ മത്സരങ്ങൾ
മാഞ്ചസ്റ്റർ സിറ്റി Vs ടോട്ടൻഹാം
ബേൺമൗത്ത് Vs ഫുൾഹാം
ഹഡേഴ്സ് ഫീൽഡ് Vs വാറ്റ്ഫോർഡ്
ബസ്റ്റ് ഹാം Vs ലെസ്റ്റർ സിറ്റി
വോൾവർ Vs ബ്രൈട്ടൺ
ന്യൂകാസിൽ Vs സതാംപ്ടൺ
(ടിവി ലൈവ് സ്റ്റാർ സ്പോർട്സ് വൈകിട്ട് 5 മുതൽ)