തിരുവനന്തപുരം: എതിരാളി ആരാണെന്ന കാര്യത്തിൽ കോൺഗ്രസിന് വ്യക്തതയില്ലെന്നും രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിന് പിന്നിലെ രാഷ്ട്രീയം കോൺഗ്രസ് വ്യക്തമാക്കണമെന്നും സി.പി.ഐ ദേശീയ അസിസ്റ്റന്റ് സെക്രട്ടറി ഡി രാജ പറഞ്ഞു. ചെന്തിട്ടയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്റി നരേന്ദ്രമോദി പരാജയ ഭീതിയിലാണ്. മോദിക്ക് പറയാൻ ഭരണ നേട്ടങ്ങളില്ല. ഇതേ തുടർന്നാണ് രാജ്യസുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. കേന്ദ്ര സർക്കാർ ഭരണ വാഗ്ദാനങ്ങളൊന്നും നടപ്പിലാക്കിയില്ല. ജനവിരുദ്ധ സർക്കാരാണ് മോദി സർക്കാർ. ആൾകൂട്ട കൊലകൾ രാജ്യത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവർ രാജ്യദ്രോഹികളാക്കപ്പെടുന്നു. റഫേൽ വിഷയത്തിൽ മോദി ഉത്തരം പറയണമെന്നും തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെയും കോൺഗ്രസിനെയും ജനം പാഠം പഠിപ്പിക്കുമെന്നും രാജ പറഞ്ഞു.