തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻ.ഡി.എ സംസ്ഥാന കൺവീനറും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ തുഷാർ വെള്ളാപ്പള്ളിയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് തൃശൂർ റേഞ്ച് ഐ.ജി ബൽറാം കുമാർ ഉപാദ്ധ്യായ അന്വേഷിക്കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. തുഷാറിനെ ആക്രമിച്ചത് ഒപ്പമുണ്ടായിരുന്ന ഗൺമാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഐ.ജിയും സംഭവത്തെക്കുറിച്ച് വിവരം കൈമാറിയിട്ടുണ്ട്.വണ്ടൂരിനടുത്ത് കൂമൂട് വിവാഹപാർട്ടിയിലുണ്ടായിരുന്നവർ തുഷാറിന്റെ സംഘവുമായി വാക്കുതർക്കത്തിലേർപ്പെടുകയും ഉന്തും തള്ളുമുണ്ടായെന്നുമാണ് ലഭിച്ച പ്രാഥമിക വിവരം.

തുഷാറിനെതിരെ ആക്രമണമുണ്ടായത് പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പരാതി നൽകിയാൽ കേസെടുക്കുമെന്നും മലപ്പുറം ജില്ലാ സ്പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പി എൽ.സുരേന്ദ്രൻ പറഞ്ഞു. ആക്രമണഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളെത്തുടർന്നാണ് തുഷാറിന് ഒരു പേഴ്സണൽ സെക്യൂരിറ്റി ഓഫീസറെ അനുവദിച്ചിരുന്നത്.സംഭവത്തെക്കുറിച്ച് വളരെ ഗൗരവത്തോടെ അന്വേഷിക്കാൻ ഐ.ജിയോട് നിർദ്ദേശിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിനു ശേഷം കേസെടുക്കുമെന്നും ഡി.ജി.പി 'കേരളകൗമുദി'യോട് പറഞ്ഞു.

പി.എസ്. ശ്രീധരൻ പിള്ള അപലപിച്ചു

തുഷാർ വെള്ളാപ്പള്ളിക്കെതിരായ കോൺഗ്രസ് - ലീഗ് അക്രമത്തെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള അപലപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം സംഘടിപ്പിക്കും. എല്ലാജില്ലകളിലും പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തും. മുസ്ലീംലീഗിനെ കൂട്ടുപിടിച്ച് എസ്.എൻ.ഡി.പി യോഗത്തിന്റെ സമുന്നത നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ആക്രമിച്ച് സാമുദായിക സൗഹാർദ്ദം തകർക്കാനും കലാപത്തിനുമാണ് കോൺഗ്രസ് ശ്രമിക്കുന്നത്. തുഷാർ വെള്ളാപ്പള്ളിക്ക് മാവോയിസ്റ്റ് ഭീഷണി നിലനിൽക്കെ മതിയായ സുരക്ഷയൊരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു.