തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വർഷം പ്രളയമുണ്ടാത് ഡാമുകളിലെ അധികജലം കെ.എസ്.ഇ.ബി.ഒഴുക്കിവിട്ടതുകൊണ്ടാണെന്നും മഴയ്ക്ക് മുമ്പേ ഡാമുകളിൽ അധികജലം കരുതിവെച്ചതാണ് ഇതിന് കാരണമെന്നും പറയുന്നത് ശരിയല്ലെന്ന് കെ.എസ്. ഇ.ബി. വാർത്താകുറിപ്പിൽ അറിയിച്ചു.വേനൽ കഴിഞ്ഞ മഴ തുടങ്ങുന്നതിന് മുമ്പ് ഡാമുകളിൽ 550 മുതൽ 600 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലമാണ് കരുതിവെയ്ക്കുന്നത്. ഇത് വേനൽമഴയുടെ തോതും ജനങ്ങളുടെ വൈദ്യുതി ഉപഭോഗവും അനുസരിച്ച് വ്യത്യാസപ്പെടും.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ 134 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ കിട്ടിയതാകട്ടെ 236 ദശലക്ഷം യൂണിറ്റിനുള്ള വെള്ളവും . മെയ്മാസത്തിൽ ഉപഭോഗം കുത്തനെ കുറഞ്ഞതിനാൽ ഡാമുകളിലെ കരുതൽ ജലം 600 ദശലക്ഷം യൂണിറ്റിനുള്ളതിന് പകരം 984 ദശലക്ഷം യൂണിറ്റിനുള്ളതായി കൂടി. ഇത് പക്ഷെ 2015 വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്. അന്ന് 1165 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം കരുതലായി ഉണ്ടായിരുന്നു. ഡാമുകളിൽ ഷോളയാർ, മാട്ടുപ്പെട്ടി, പൊൻമുടി, ലോവർ പെരിയാർ എന്നിവിടങ്ങളിൽ മാത്രമാണ് മുൻവർഷത്തെക്കാൾ കൂടുതൽ ജലം കരുതലായി ഉണ്ടായിരുന്നത്. മൺസൂൺ മഴയെ കുറിച്ച് ഏപ്രിൽ ആദ്യവാരവും മെയ് അവസാനവാരവുമാണ് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. അതിലൊന്നും അസാധാരണ മഴയോ,പതിവിലുമേറെ മഴ കിട്ടുമെന്നോ അറിയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഡാമുകളിലെ കരുതൽ ജലത്തിൽ അസാധരണമായി ഒന്നുമില്ലെന്ന് കളമശ്ശേരിയിലെ കെ.എസ്.ഇ.ബി.സിസ്റ്റം ഒാപറേഷൻ വിഭാഗം ചീഫ് എൻജിനിയർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.