58 പന്തുകൾ
100 റൺസ്
9 ഫോറുകൾ
4 സിക്സുകൾ
കൊൽക്കത്ത : ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐ.പി.എൽ മത്സരത്തിൽ സെഞ്ച്വറി നേടി (100)നായകന്റെ പ്രകടനവുമായി കളംനിറഞ്ഞ വിരാട് കൊഹ്‌ലി ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെ 213/4 എന്ന നിലയിലെത്തിച്ചു.
58 പന്തുകളിൽ 100 റൺസടിച്ച വിരാടും 28 പന്തുകളിൽ 66 റൺസടിച്ച മൊയിൻ അലിയും തമ്മിലുള്ള 90 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ബാംഗ്ളൂരിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.
ഒാപ്പണർ പാർത്ഥിവ് പട്ടേലും (11), ഫസ്റ്റ് ഡൗൺ അക്ഷ്ദീപ് നാഥും (13) പുറത്തായ ശേഷമാണ് വിരാടും മൊയീനും ക്രീസിൽ ഒരുമിച്ചത്. മൊയീൻ അഞ്ചു ഫോറും ആറു സിക്സുമായി തകർത്താടിയപ്പോൾ വിരാട് സ്വതസിദ്ധ ശൈലിയിൽ ഇന്നിംഗ്സിന് നങ്കൂരമിട്ടു. ബാംഗ്ളൂർ നായകൻ ഒൻപത് ഫോറുകളും നാല് സിക്സുകളും പറത്തി അവസാന ഓവറുകളിൽ സ്കോറിംഗ് വേഗത കൂട്ടുകയും ചെയ്തു.
16-ാം ഓവറിൽ കുൽദീപ് യാദവാണ് മൊയീൻ അലിയെ പുറത്താക്കി സഖ്യം പൊളിച്ചത്. പ്രസീദ് കൃഷ്ണയ്ക്കായിരുന്നു ക്യാച്ച്.
പരിചയ സമ്പന്നനായ എ.ബി ഡിവില്ലിയേഴ്സിനെ പുറത്തിരുത്തിയാണ് ബാംഗ്ളൂർ ഇന്നലെ കളിച്ചത്. അതേ സമയം ടീമിലേക്ക് പുതുതായി വിളിപ്പിച്ച ദക്ഷിണാഫ്രിക്കൻ പേസർ ഡേൽ സ്റ്റെയ്‌ൻ ഇന്നലെ കളിക്കാനിറങ്ങി.
5
ഐ.പി.എല്ലിൽ കൊഹ്‌ലിയുടെ അഞ്ചാം സെഞ്ച്വറി