കൊല്ലം: വോട്ടെടുപ്പിന് ഇനി രണ്ടുനാൾ മാത്രം ശേഷിക്കെ കൊല്ലത്ത് ബി.ജെ.പിക്കുള്ളിൽ വോട്ട് മറിക്കൽ വിവാദം. ഇക്കാര്യമുന്നയിച്ച് പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കി. കേന്ദ്ര നേതൃത്വത്തിന് ഇവർ പരാതി നൽകിയതായാണ് സൂചന. പാർട്ടിയിലെ വിഭാഗീയതയാണ് ആരോപണങ്ങൾക്ക് പിന്നിലെന്നാണ് പറയപ്പെടുന്നത്. യുവമോർച്ച മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എസ് പ്രശാന്ത് വോട്ട് മറിക്കൽ അരോപിച്ച് വ്യാഴാഴ്‌ച രംഗത്ത് വന്നതിന് തൊട്ടുപിന്നാലെ മറ്ര് ചില മുൻ ഭാരവാഹികളും ആരോപണങ്ങളുമായി രംഗത്തെത്തി.
ബി.ജെ.പി ജില്ലാ ലീഗൽ സെൽ മുൻ കൺവീനർ അഡ്വ. കലൂർ കൈലാസ് നാഥാണ് പരസ്യമായി രംഗത്തുവന്ന മറ്റൊരാൾ. കുമ്മനം രാജശേഖരൻ സംസ്ഥാന അദ്ധ്യക്ഷനായി ചുമതല എടുത്തപ്പോഴുണ്ടായ പുനഃസംഘടനയിൽ സംസ്ഥാന ഭാരവാഹിയായ അഡ്വ.പ്രശാന്തിന് പി.എസ്.ശ്രീധരൻ പിള്ള പ്രസിഡന്റായപ്പോഴാണ് സ്ഥാനഭ്രംശമുണ്ടായത്. കഴിഞ്ഞ ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ തലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് കൊല്ലത്ത് നിന്നായിരുന്നു. കൊല്ലം ബൈപ്പാസ് ഉദ്‌ഘാടന വേളയിലായിരുന്നു തിരഞ്ഞെടുപ്പ് റാലി ഉദ്‌ഘാടനം നടന്നത്.
എന്നാൽ പ്രധാനമന്ത്രി എത്തി ചലനം സൃഷ്‌ടിച്ച കൊല്ലത്ത് മൂന്ന് മാസത്തിന് ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് മാത്രമാണ് ആകെ എത്തിയ ദേശീയ നേതാവ്. പി.എസ്.ശ്രീധരൻ പിള്ള ആകട്ടെ പൊതുയോഗങ്ങളിൽ പങ്കെടുക്കാതെ സ്ഥാനാർത്ഥിയുടെ ഒരു സ്വീകരണ പര്യടനം ഉദ്‌ഘാടനം ചെയ്യാൻ മാത്രമാണ് കൊല്ലത്ത് എത്തിയത്.
വോട്ട് മറിക്കൽ വിവാദം കത്തിയതോടെ കൊല്ലം ജില്ലാ സമിതിയുടെ അടിയന്തര യോഗം വ്യാഴാഴ‌്ച വിളിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി സി. ശിവൻ കുട്ടി പങ്കെടുത്ത് യോഗം വിളിക്കുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം യോഗം മാറ്റി. മൂന്നുവർഷം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നര ലക്ഷം വോട്ട് ബി.ജെ.പിക്ക് കിട്ടിയിരുന്നു. അത് ഇക്കുറി കുറയാതിരിക്കാൻ നോക്കണമെന്നാണ് ജില്ലയിലെ ഔദ്യോഗിക നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്നവർ ആവശ്യപ്പെടുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞാൽ അടുത്ത വർഷം നടക്കുന്ന ത്രിതല - കോർപ്പറേഷൻ -മുനിസിപ്പൽ തിരഞ്ഞെടുപ്പിലും 2021 ൽ നടക്കുന്ന അസംബ്ളി തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് നേട്ടം കൊയ്യേണ്ട സുവർണാവസരം നഷ്ടപ്പെടുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. വോട്ടെടുപ്പിലേക്ക് നീളുന്നതിന്റെ അവസാന മണിക്കൂറിൽ ഇത്തരമൊരു വിവാദം ഉണ്ടായത് കൊല്ലത്ത് പാർട്ടിയിൽ കലാപത്തിന് തിരി കൊളുത്തിയിട്ടുണ്ട്.