red-16

''തന്റെ ശിരസ്സിനുള്ളിലേക്ക് ഒരു ഇടിമിന്നൽ പുളഞ്ഞിറങ്ങിയോ? തലയോട് ചിന്നഭിന്നമാകുന്നോ?

അങ്ങനെ തോന്നി ചന്ദ്രകലയ്ക്ക്. സത്യത്തിനും മിഥ്യയ്ക്കുമിടയിൽ അകപ്പെട്ട പ്രതീതി!

ആദ്യം കാണുന്നതു പോലെ ചന്ദ്രകല, പാഞ്ചാലിയെ തുറിച്ചു നോക്കി.

അവളിലെ രൗദ്രഭാവത്തിന് യാതൊരു മാറ്റവുമില്ല.

ഇനി ഒരു സെക്കന്റ് താൻ ഇവിടെ നിന്നാൽ പാഞ്ചാലി തന്റെ നേർക്ക്, ചാടിവീണെന്നുമിരിക്കും.

കാറ്റുപിടിച്ച മരം കണക്കെ ചന്ദ്രകല പതറുന്ന കാലുകളോടെ മുറിയിൽ നിന്നിറങ്ങി.

പിന്നിൽ തറവാട് കിടുങ്ങുന്ന ഒച്ചയിൽ വാതിൽപ്പാളികൾ വലിച്ചടയ്ക്കുന്നതു കേട്ടു.

പാഞ്ചാലിയുടെ അത്രയും നേരത്തെ ധൈര്യം പെട്ടെന്ന് പോയി. കാറ്റു നഷ്ടപ്പെട്ട ബലൂൺ കണക്കെയായി അവൾ.

നെറ്റിയിലേക്ക് ഒലിച്ചിറങ്ങുന്ന - ചോര കൈപ്പടം കൊണ്ട് ഒപ്പിയെടുത്ത് അവൾ കട്ടിലിലേക്കു വീണു.

ഒരു സ്വപ്ടനാടകത്തിൽ പെട്ടതു പോലെ ചന്ദ്രകല അപ്പോൾ തന്റെ മുറിയിലും ചെന്നെത്തുകയായിരുന്നു.

നടുക്കം വിട്ടുമാറിയപ്പോൾ അവൾ ഫോൺ എടുത്ത് പ്രജീഷിനെ വിളിച്ചു.

''ഹലോ പ്രജീഷ്..."

''കലയുടെ ശബ്ദമെന്താ വല്ലാതിരിക്കുന്നത്? പനി പിടിച്ചോ?"

''ഇല്ല... " ചന്ദ്രകലയ്ക്കു കരച്ചിൽ വന്നു.

അപ്പുറത്തെ അമ്പരപ്പ് ഫോണിലൂടെ അവൾ തിരിച്ചറിഞ്ഞു.

''എന്തുണ്ടായി കലേ?"

വളരെ പ്രയാസപ്പെട്ട് അവിടെ നടന്നതത്രയും ചന്ദ്രകല പറഞ്ഞുകേൾപ്പിച്ചു.

ഇപ്പോൾ പ്രജീഷിലും അമ്പരപ്പ്.

''പാഞ്ചാലിക്ക് എങ്ങനെ കിട്ടി ഇത്രയും ധൈര്യം?"

''എന്റെ സംശയം ആ സുധാമണിയും മകനും മറ്റും ആയിരിക്കും അതിനു പിന്നിലെന്നാ.."

പ്രജീഷ് ഒരു നിമിഷം മൗനം.

പിന്നെ ശബ്ദം കേട്ടു:

''ഞാൻ ഇപ്പോൾത്തന്നെ എം.എൽ.എ ശ്രീനിവാസ കിടാവ് സാറിനെ വിളിക്കും. കഴിയുമെങ്കിൽ നാളെത്തന്നെ സൂസനെ അങ്ങോട്ട് അയയ്ക്കാൻ പറയാം.... ഇനി എല്ലാറ്റിനും പോംവഴി അവൾ മാത്രമാ. "

ചന്ദ്രകല മൂളി.

അടുത്ത പ്രഭാതം.

എഴുന്നേറ്റപ്പോൾ ശിരസ്സിൽ അതികഠിനമായ വേദന തോന്നി പാഞ്ചാലിക്ക്.

മുറിവേറ്റ, നെറ്റിയുടെ ഭാഗത്ത് സ്പർശിക്കുവാൻ പോലും സാധിക്കുന്നില്ല....

ഇതിങ്ങനെ മുന്നോട്ടുപോയാൽ താൻ ഈ തറവാട്ടിൽ കിടന്ന് മരിക്കും എന്ന് ഉറപ്പായി പാഞ്ചാലിക്ക്.

അവൾ ഫോണെടുത്ത് സുധാമണിയെ വിളിച്ചു. പിന്നെ വിവേകുമായി സംസാരിച്ചു. തലേന്നത്തെ കാര്യം ചുരുക്കിപ്പറഞ്ഞിട്ട് അവസാനിപ്പിച്ചത് ഇങ്ങനെയാണ്.

''എന്റെ അച്ഛന്റെ ബന്ധുക്കൾ 'കരുളായി'യിൽ ഉണ്ടെന്ന് വിവേകിന് അറിയാമല്ലോ.. നീ അവിടെ വരെയൊന്നു പോകണം. അവരോട് വിവരം പറയുക. എനിക്ക് ഏതെങ്കിലും ഹോസ്‌പിറ്റലിൽ പോയേ പറ്റൂ..."

''ഞാൻ ചെന്നു പറഞ്ഞാൽ അവര് വരുമോ?"

വിവേകിനു സംശയം.

''വരും. അവരുടെ ആരുടെയും ഫോൺ നമ്പർ എന്റെ കയ്യിൽ ഇല്ലല്ലോ... അല്ലെങ്കിൽ ഞാൻ നേരിട്ട് വിളിച്ചേനെ."

''ശരി. ഞാൻ പോകാം."

വിവേക് സമ്മതിച്ചു.

അപ്പോൾ, പാഞ്ചാലിയെ എങ്ങനെ നേരിടും എന്നറിയാതെ ഇരിക്കുകയായിരുന്നു ചന്ദ്രകലയും.

പെട്ടെന്ന് അവളുടെ ഫോൺ ശബ്ദിച്ചു.

ചന്ദ്രകല അത് എടുത്തുനോക്കി. പ്രജീഷ്!

അവളുടെ ഉള്ളിൽ ഉന്മേഷത്തിന്റെ കാറ്റു വീശി.

വേഗം കാൾ അറ്റന്റു ചെയ്തു.

''കലേ... അര മണിക്കൂറിനുള്ളിൽ സൂസൻ അങ്ങെത്തും. ഇനിയുള്ള കാര്യങ്ങൾ അവൾക്ക് വിട്ടുകൊടുത്തേക്ക്."

ചന്ദ്രകല പിടഞ്ഞുണർന്നു.

''പ്രജീഷ് വരുന്നില്ലേ ഇങ്ങോട്ട്?"

''വരും. പക്ഷേ ഇപ്പോഴല്ല. അതിനുള്ള സമയമാകുമ്പോൾ.

ചന്ദ്രകല പിന്നെയും അങ്ങോട്ട് എന്തോ ചോദിക്കാൻ ഭാവിച്ചപ്പോഴേക്കും പ്രജീഷ് കാൾ മുറിച്ചിരുന്നു.

ചന്ദ്രകല വേഗത്തിൽ സീരിയൽ നടി സൂസനെ സ്വീകരിക്കുവാൻ തയ്യാറായി.

അവളുടെ മുന്നിൽ താനും ഒട്ടും കുറയാൻ പാടില്ലല്ലോ...

ചന്ദ്രകല വേഗം കുളിച്ച് വേഷം മാറി മേക്കപ്പ് ചെയ്തു.

അര മണിക്കൂറെന്ന് പ്രജീഷ് പറഞ്ഞെങ്കിലും നാൽപ്പതു മിനിട്ടായിട്ടും സൂസൻ വന്നില്ല.

ചന്ദ്രകല പൂമുഖത്ത് പോയി കാത്തിരുന്നു.

നാൽപ്പത്തിയഞ്ചു മിനുട്ട്.

ഒരു തൂവെള്ള ഇന്നോവ കാർ ഗേറ്റു കടന്നു വന്നു.

ചന്ദ്രകല എഴുന്നേറ്റു.

പൂമുഖത്തിനു മുന്നിൽ കാർ നിന്നു. പിന്നിൽ ഇടതു ഭാഗത്തെ ഡോർ തുറക്കപ്പെട്ടു.

ചന്ദ്രകല സൂക്ഷിച്ചുനോക്കി.

ചന്ദന നിറത്തിലുള്ള കാൽപ്പാദങ്ങളാണ് ആദ്യം കണ്ടത്. അവയിൽ പറ്റിച്ചേർന്നു കിടക്കുന്ന സ്വർണ കൊലുസുകൾ.

അറിയാതെ ഒരു അസൂയ ചന്ദ്രകലയുടെ ഉള്ളിൽ മൊട്ടിട്ടു.

അതുകഴിഞ്ഞ് ഡോറിനു മീതെ പച്ചക്കല്ലു പതിച്ച മോതിരമുള്ള കൈപ്പത്തി അമരുന്നു...

ചന്ദ്രകല ശ്വാസം വിടാതെ നോക്കി.

മുൻസീറ്റിൽ നിന്നിറങ്ങിയ ഒരു മദ്ധ്യവയസ്ക അപ്പോഴേക്കും മഴവില്ല് നിറമുള്ള വലിയ കുട നിവർത്ത് പിന്നിലെ ഡോറിനു മുകളിലേക്ക് നീട്ടിപ്പിടിച്ചു.

കുടയ്ക്ക് അടിയിലേക്ക് ഒരു ശിരസ്സ് ഉയർന്നുവന്നു....

സൂസൻ!

ആ സൗന്ദര്യം കണ്ട് പകച്ചുപോയി ചന്ദ്രകല...

(തുടരും)