bonakkad

വിതുര: കിഴക്കിന്റെ കാൽവരിയെന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമലതീർത്ഥാടനത്തിന്റെ രണ്ടാം ഘട്ട തീർത്ഥാടനത്തിന് സമാപനമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് വിശ്വാസികൾ കുരിശുമലയിലെത്തി. ദുഃഖവെളളി ദിനത്തിൽ നടന്ന ചടങ്ങുകൾക്ക് കെ.ആർ.എൽ.സി.സി അൽമായ കമ്മീഷൻ സെക്രട്ടറി ഫാ. ഷാജ്കുമാർ മുഖ്യ കാർമ്മികത്വം വഹിച്ചു. രാവിലെ 8 മണി മുതൽ കൺവെന്‍ഷൻ സെന്ററിൽ ദിവ്യകാരുണ്യ ആരാധന ക്രമീകരിച്ചിരുന്നു. തുടർന്ന് അമലോത്ഭവ മാതാ ദേവാലയത്തിന്റെ പരിസരത്ത് പരിഹാര സ്ലീവാ പാത നടന്നു. കുരിശാരാധനയ്ക്ക് വിതുര ദൈവപരിപാല ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ കണിച്ച് കുന്നത്ത് നേതൃത്വം നൽകി. നിരവധിപ്പേർ കുരിശും ചുമന്ന് ബോണക്കാടെ തീർത്ഥാടന പാതയിലെത്തി. കുരിശു ചുംബനത്തിനും തുടർന്ന് നടന്ന കുർബാന സ്വീകരണത്തിലും പങ്കെടുത്തു. രാവിലെ മുതൽ ഉണ്ടായിരുന്ന മഴ അവഗണിച്ചാണ് തീർത്ഥാടകർ ബോണക്കാടേക്കെത്തിയത്.