eye

വേനൽ ചൂട് വർദ്ധിക്കുന്നതോടെ നേത്രരോഗങ്ങളും കൂടുതലാകുന്നു. അന്തരീക്ഷത്തിലെ ഊഷ്‌മാവ് കൂടുകയും പൊടിപടലങ്ങൾ വർദ്ധിക്കുകയും ചെയ്യുമ്പോഴാണ് കണ്ണിന് രോഗങ്ങൾ വർദ്ധിക്കുന്നത്.

വളരെ സാധാരണയായി വേനലിൽ കാണുന്ന നേത്രരോഗങ്ങളാണ് ചെങ്കണ്ണ്. അലർജിക്ക് കൺജൻക്റ്റി വൈറസ്, കൺകുരു, ഡ്രൈ ഐ എന്നിവ. ഏറ്റവും കൂടുതൽ ഉണ്ടാകുന്ന രോഗമാണ് ചെങ്കണ്ണ്. ഇത് ബാക്ടീരിയ അല്ലെങ്കിൽ വൈറസ് അണുബാധ മൂലം ഉണ്ടാകാം.

കണ്ണിന് ചുവപ്പ്, പോളവീക്കം, പഴുപ്പ്, കണ്ണുനീരൊലിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങൾ. കണ്ണ് തുറക്കാൻ പറ്റാത്തവിധം പീള കെട്ടുക, നീറ്റൽ എന്നിവയും ഉണ്ടാകാം. പ്രധാനമായും രോഗിയുമായി സമ്പർക്കം മൂലമാണ് ഈ രോഗം പടരുന്നത്. അതുകൊണ്ട് ശ്രദ്ധിച്ചില്ലെങ്കിൽ ഒരാളിൽ നിന്ന് കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് പെട്ടെന്ന് രോഗം പടരാം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ നേത്രരോഗ വിദഗ്ദ്ധനെ കണ്ട് മരുന്നുകൾ ഒഴിക്കണം. ആന്റിബയോട്ടിക് തുള്ളിമരുന്നുകളും ഓയിൻമെന്റും കൃത്യമായ ഇടവേളകളിൽ ഉപയോഗിച്ചാൽ അസുഖം കുറയും. ഇതോടൊപ്പം ശുദ്ധജലത്തിൽ കണ്ണ് ഇടയ്ക്കിടയ്ക്ക് കഴുകുകയും വേണം. ഏറ്റവും പ്രധാനം രോഗമുള്ളയാളുമായി സമ്പർക്കം ഒഴിവാക്കുക എന്നതാണ്.

രോഗി ഉപയോഗിച്ച തൂവാല, തലയണ, പുതപ്പ് എന്നിവ മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുക. ഇവ അണുവിമുക്തമാക്കുക. കണ്ണിൽ ഉപയോഗിക്കുന്നവ ഒരിക്കലും പങ്കുവയ്ക്കാതിരിക്കുക. അണുബാധയുള്ള വ്യക്തി പൊതുസ്ഥലങ്ങൾ സന്ദർശിക്കാതിരിക്കുക. കഴിയുന്നതും ആൾക്കൂട്ടവുമായി സമ്പർക്കം ഒഴിവാക്കുക. വേനലിൽ പെട്ടെന്ന് പടരുന്ന മറ്റൊരു നേത്രരോഗമാണ് അലർജി. കൊച്ചുകുട്ടികളിലാണ് ഇതു കൂടുതലും ഉണ്ടാകാറുള്ളത്.

ഡോ. അഞ്ജു ഹരീഷ്,

കൺസൽട്ടന്റ് ഒപ്താൽമോളജിസ്റ്റ്,

എസ്.യു.ടി, പട്ടം.