തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ ഇടത്- വലത്- ബി.ജെ.പി സ്ഥാനാർത്ഥികൾ നഗരത്തിലെ വിവിധ സ്കൂളുകളിൽ വോട്ട് രേഖപ്പെടുത്തും. ഇടതുമുന്നണി സ്ഥാനാർത്ഥി സി. ദിവാകരന് കമലേശ്വരം ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ട്. രാവിലെ 8ന് ഭാര്യ ഹേമലതയ്ക്കും മക്കൾക്കുമൊപ്പം കമലേശ്വരത്തെത്തി വോട്ട് രേഖപ്പെടുത്തിയശേഷം മണ്ഡലത്തിലെ അസംബ്ളി മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകളിൽ സന്ദർശനം നടത്തും.
കോട്ടൺഹിൽ സ്കൂളിലാണ് ശശി തരൂരിന് വോട്ട്. പതിവുപോലെ രാവിലെ വോട്ട് രേഖപ്പെടുത്തിയശേഷം പോളിംഗ് സ്റ്റേഷനുകളിലെത്തി വോട്ടർമാരെയും പ്രവർത്തകരെയും കാണും. ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് കോട്ടയ്ക്കകം സ്കൂളിലാണ് വോട്ട്. പ്രവർത്തകർക്കൊപ്പം രാവിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയശേഷം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെ പോളിംഗ് സ്റ്റേഷനുകൾ സന്ദർശിക്കുകയാണ് കുമ്മനത്തിന്റെ പരിപാടി.
ആറ്റിങ്ങൽ സ്ഥാനാർത്ഥികൾ
ആറ്റിങ്ങൽ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എ. സമ്പത്തിന് തിരുവനന്തപുരം മണ്ഡലത്തിലാണ് വോട്ട്. വഴുതയ്ക്കാട്ടെ കോട്ടൺഹിൽ സ്കൂളിൽ. കുടുംബസമേതം രാവിലെ വോട്ട് രേഖപ്പെടുത്തിയശേഷം കാട്ടാക്കട, പെരുകാവ്, വിതുര, വാമനപുരം, ആറ്റിങ്ങൽ, വർക്കല പ്രദേശങ്ങളിലെ ബൂത്തുകൾ സന്ദർശിക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന് അടൂർ ഗവ. ടൗൺ യു.പി.എസിലാണ് വോട്ട്. അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയശേഷം ആറ്റിങ്ങൽ തിരിച്ചെത്തി ബൂത്തുകൾ സന്ദർശിക്കും.
ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് തൃശൂർ വടക്കാഞ്ചേരിയിലെ മണലിത്തറ ജനകീയ വിദ്യാലയത്തിലാണ് വോട്ട്. വോട്ട് ചെയ്യാനായി ശോഭ തൃശൂരേക്ക് തിരിച്ചിട്ടുണ്ട്. രാവിലെ കുടുംബത്തോടൊപ്പം വോട്ട് ചെയ്തശേഷം ഉച്ചയോടെ മണ്ഡലത്തിൽ തിരിച്ചെത്തി ബൂത്തുകളിൽ വോട്ടർമാരെയും പ്രവർത്തകരെയും സന്ദർശിക്കും.