ഫ്ലോറിഡ: ഒമ്പതു പേരെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ പദ്ധതിയിട്ട പതിനാലുകാരായ രണ്ടു പെൺകുട്ടികളെ ഫ്ലോറിഡ പൊലീസ് അറസ്റ്റുചെയ്തു. ഇവരുടെ കമ്പ്യൂട്ടറുകൾ പരിശോധിച്ച അദ്ധ്യാപികയാണ് കൊലപാതക പദ്ധതിയെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. പ്രൈവറ്റ് ഇൻഫോ, ഡു നോട്ട് ഓപ്പൺ, പ്രോജക്ട് 11/9 തുടങ്ങിയ പേരുകളിലുള്ള ഫോൾഡറുകൾ സംശയം തോന്നിയാണ് അദ്ധ്യാപിക തുറന്നുനോക്കിയത്.
തോക്കുകളെക്കുറിച്ചും അവ എങ്ങനെയാണ് പ്രവർത്തിപ്പിക്കേണ്ടതെന്നതിനെക്കുറിച്ചും മൃതദേഹങ്ങൾ കത്തിച്ച് തെളിവുകൾ നശിപ്പിച്ച് പൊലീസിന്റെ പിടിയിൽപെടാതെ രക്ഷപ്പെടുന്നതിനെക്കുറിച്ചും ഇതിൽ വ്യക്തമായി എഴുതിയിരുന്നു. കൊലപ്പെടുത്തേണ്ട ആളുകളുടെ പേരുവിവരങ്ങളും ഇതിൽ രേഖപ്പെടുത്തിയിരുന്നു. എന്തുകൊണ്ടാണ് ഇവരെ കൊല്ലാൻ തീരുമാനിച്ചതെന്നും പറഞ്ഞിരുന്നു.
ഫോൾഡറുകൾ പരിശോധിക്കുന്നതറിഞ്ഞ് ഒാടിയെത്തിയ പെൺകുട്ടികൾ പരിശോധന തടസപ്പെടുത്താനും ശ്രമിച്ചു.ഇതാണ് അദ്ധ്യാപികയ്ക്ക് കൂടുതൽ സംശയംതോന്നാൻ കാരണം.പിടിക്കപ്പെട്ടാൽ എല്ലാം തമാശയ്ക്കുവേണ്ടി ചെയ്തതാണെന്ന് പറയുമെന്ന് ഒരു പെൺകുട്ടി രണ്ടാമത്തെ ആളോട് പറയുന്നതും അദ്ധ്യാപിക കേട്ടു.
ഇരുവർക്കും ക്രിമിനൽ പശ്ചാത്തലമില്ല. പൊലീസ് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണമാരംഭിച്ചു. ലിസ്റ്റിൽ പേരുള്ള ഒമ്പതുപേർക്കും പ്രത്യേക സുരക്ഷ നൽകാൻ പാെലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള കൂടതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.