തിരുവനന്തപുരം : ജില്ലയിലെ രണ്ട് പാർലമെന്റ് മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കളക്ടർ കെ.വാസുകി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 22 ന് രാവിലെ 8 മണിയോടെ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങും. നിയോജക മണ്ഡലാടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ നിന്നാണ് വിതരണം. 12 മണിക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് സാമഗ്രികളുമായി പോളിംഗ് ബൂത്തിലേക്ക് പോകുകയും വൈകിട്ട് 5 മണിയോടെ ബൂത്തുകളിൽ എത്തുകയും ചെയ്യും. പോളിംഗ് ഉദ്യോഗസ്ഥന്മാർക്കുള്ള പരിശീലനം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഓരോ ബൂത്തിലേക്കും ബാലറ്റ് യൂണിറ്റും വിവിപ്പാറ്റും അടക്കം നൂറ്റിയെട്ട് ഇനം സാധനങ്ങളാണ് നൽകുന്നത്. സ്റ്റേഷനറി സാധനങ്ങൾ അടക്കം ഇതിൽ ഉൾപ്പെടും. 23 ന് രാവിലെ 7 മുതലാണ് പോളിംഗ് ആരംഭിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ വിതരണം ചെയ്ത സ്ലിപ്പ് അടക്കം പതിനൊന്ന് തിരിച്ചറിയൽ രേഖകൾ വോട്ട് ചെയ്യാനായി പോളിംഗ് ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്താം. വൈകിട്ട് 6 മണിവരെ പോളിംഗ് നടക്കും. സ്ലിപ്പിന്റെ വിതരണം എൺപത് ശതമാനത്തോളം പൂർത്തിയായിട്ടുണ്ടെന്നു കളക്ടർ അറിയിച്ചു. ജില്ലയിലെ ഇലക്ഷൻ ഗൈഡിന്റെ പ്രകാശനം ജില്ലാ കളക്ടർ കെ. വാസുകി അസിസ്റ്റന്റ് കളക്ടർ പ്രിയങ്കയ്ക്ക് നൽകി നിർവഹിച്ചു.
13,000 ഭിന്നശേഷിക്കാർ
ജില്ലയിൽ വിവിധ മണ്ഡലങ്ങളിലായി 13,000 ഭിന്നശേഷിക്കാരാണ് വോട്ടർമാരായുള്ളത്. ഇവർക്ക് വോട്ടിംഗ് കേന്ദ്രത്തിലെത്താൻ വാഹനസൗകര്യം ഒരുക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശാനുസരണം വാഹനസൗകര്യം ആവശ്യമുള്ളവരുടെ അപേക്ഷ സ്വീകരിച്ചെങ്കിലും 2600 പേരാണ് അപേക്ഷ നൽകിയത്. ഇവർക്കായി വാഹനം ഏർപ്പാട് ചെയ്തിട്ടുണ്ട്. വാഹനത്തിനൊപ്പം ചുമതലപ്പെട്ട ഒരു സഹായി വാഹനത്തിൽ ഉണ്ടാകും.
സമ്മതിദായകർ 27.14 ലക്ഷം
ജില്ലയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം 27,14,164 വോട്ടർമാരാണുള്ളത്. ഇതിൽ 14,23,857 സ്ത്രീകളും 12,90,259 പുരുഷന്മാരും 48 ട്രാൻസ്ജെൻഡേഴ്‌സുമാണ്.
പോളിംഗ് സാമഗ്രികളുടെ വിതരണകേന്ദ്രം
ആറ്റിങ്ങൽ മണ്ഡലം
വർക്കല - വർക്കല എസ്.എൻ കോളേജ്
ആറ്റിങ്ങൽ - ബോയ്സ് എച്ച്.എസ്.എസ് ആറ്റിങ്ങൽ
ചിറയിൻകീഴ് - ബോയ്സ് എച്ച്.എസ്.എസ് ആറ്റിങ്ങൽ
നെടുമങ്ങാട് -ടെക്‌നിക്കൽ ഹൈസ്‌കൂൾ മഞ്ച
വാമനപുരം - എസ് .എൻ.വി എച്ച്.എസ്.എസ് ആനാട്
അരുവിക്കര - ബോയ്സ് എച്ച്.എസ്.എസ് മഞ്ച
കാട്ടാക്കട - ക്രിസ്ത്യൻ കോളേജ് കാട്ടാക്കട
തിരുവനന്തപുരം മണ്ഡലം
കഴക്കൂട്ടം - ലയോള സ്‌കൂൾ, ശ്രീകാര്യം
വട്ടിയൂർക്കാവ് - സെന്റ് മേരീസ് എച്ച്.എസ്.എസ് പട്ടം
തിരുവനന്തപുരം - ഗവ. ജി.വി.എച്ച്.എസ്.എസ് മണക്കാട്
നേമം - സ്വാതിതിരുനാൾ സംഗീത കോളേജ് തൈക്കാട്
പാറശാല - ജി.വി.എച്ച്.എസ്.എസ് പാറശാല
കോവളം - ജി.വി.എച്ച്.എസ് .എസ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര - ബോയ്സ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര