തിരുവനന്തപുരം: മൺമറഞ്ഞ സംവിധായകൻ ലോഹിതദാസിന്റെ ഒരു സിനിമയിൽ കൂടി അഭിനയിക്കണമെന്ന അതിയായ ആഗ്രഹം തനിക്ക് ഇപ്പോഴും ഉണ്ടെന്ന് നടി ഭാമ പറഞ്ഞു. അദ്ദേഹത്തിന്റെ നിവേദ്യം എന്ന സിനിമ നൽകിയ പ്ളാറ്റ്ഫോമാണ് തന്റെ ഇപ്പോഴത്തെ നേട്ടങ്ങൾക്ക് പിന്നിലെന്നും ഭാമ പറഞ്ഞു. ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കുട്ടികളുടെ രണ്ടാമത് അന്താരാഷ്ട്ര ചലിച്ചത്ര മേളയുടെ ഓൺലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലായിരുന്നു ഭാമ തന്റെ ആഗ്രഹം പങ്കുവച്ചത്.
സിനിമയിൽ എത്തിയത് തികച്ചും യാദൃച്ഛികമായാണ്. എന്നാൽ അതൊരു നിയോഗവുമായിരുന്നു. ദൈവം ഓരോരുത്തർക്ക് ഓരോന്ന് കരുതി വച്ചിട്ടുണ്ട്. അത് സംഭവിക്കും- ഭാമ പറഞ്ഞു. 18ാം വയസിലാണ് സിനിമയിൽ എത്തിയത്. ആദ്യ സിനിമയായ നിവേദ്യത്തിൽ അഭിനയിച്ചതിന് പിന്നാലെ ഇതാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞു. ഏതെങ്കിലും പ്രത്യേക കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന് തോന്നിയിട്ടില്ല. എന്നാൽ, ലഭിക്കുന്ന കഥാപാത്രങ്ങൾ വ്യത്യസ്തമായിരിക്കണേയെന്നാണ് പ്രാർത്ഥന. നിവേദ്യത്തിലെ കോലക്കുഴൽ വിളി കേട്ടോ, തമിഴിലെ ഹിറ്റ് ചിത്രമായ സില്ലിന് ഒരു കാതൽ എന്ന സിനിമയിലെ മുൻപേ വാ എൻ അൻപേ എന്നീ ഗാനങ്ങളുടെ വരികൾ പാടിയ ശേഷമാണ് ഭാമ മടങ്ങിയത്.