തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവിധിയുടെ കാര്യത്തിൽ ഇടപെടേണ്ട സമയത്തൊന്നും ഇടപെടാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ നടത്തുന്നത് നാടകമാണെന്നും അമിതാഭ് ബച്ചനേക്കാളും മമ്മൂട്ടിയേക്കാളും മോഹൻലാലിനേക്കാളും മികച്ച നടനാണ് അദ്ദേഹമെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആ നാടകം ടിക്കറ്റെടുത്ത് കാണാൻ കേരളത്തിൽ ആളുകളെ കിട്ടില്ല. 2019ലെ മികച്ച നടനുള്ള അവാർഡ് മോദിക്ക് നൽകണം.
കേരളത്തിൽ പ്രചരണത്തിനെത്തിയപ്പോഴാണ് ആചാരസംരക്ഷണത്തെക്കുറിച്ച് അദ്ദേഹത്തിന് ബോധമുണ്ടായത്. ശബരിമലയിൽ കേസിന് പോയ സംഘപരിവാർ അനുകൂലിയായ പെൺകുട്ടിയെ വിലക്കുകയോ, അല്ലെങ്കിൽ വിധി വന്നശേഷം നിയമനിർമ്മാണത്തിന് തയ്യാറാവുകയോ ചെയ്തിരുന്നെങ്കിൽ പ്രശ്നം പരിഹരിക്കാമായിരുന്നു. തിരുവനന്തപുരത്ത് വന്നപ്പോൾ പെട്ടെന്നദ്ദേഹത്തിന് വിശ്വാസസംരക്ഷണത്തിന്റെ കാര്യം ഓർമ്മവന്നു. ഇടപെടേണ്ട സമയത്തെല്ലാം മൗനവ്രതമാചരിച്ച് കുംഭകർണസേവ നടത്തി. മോദിയും പിണറായിയും ചേർന്നാണ് ശബരിമലവിഷയം വഷളാക്കിയത്. തിരുവനന്തപുരത്ത് പ്രചാരണത്തിന് വന്ന മോദിക്ക് തന്റെ അഞ്ച് വർഷത്തെ ഭരണത്തെക്കുറിച്ചൊന്നും പറയാനുണ്ടായില്ല. മത്സ്യത്തൊഴിലാളികളെ സൈന്യമെന്നും കാവൽക്കാരെന്നുമൊക്കെ പറയുന്ന അദ്ദേഹം ഓഖിക്ക് എന്ത് സഹായം നൽകി? കേരളം നൽകിയ പാക്കേജ് പോലും തള്ളിക്കളഞ്ഞു. മഹാപ്രളയത്തിന് സഹായിച്ചില്ലെന്ന് മാത്രമല്ല, വിദേശരാജ്യങ്ങളുടെ സഹായം സ്വീകരിക്കാൻ പോലുമനുവദിച്ചില്ല.
ഇന്ത്യൻ സൈന്യത്തിന്റെ ശക്തി വർദ്ധിപ്പിച്ചതും വേണ്ട സൗകര്യങ്ങളൊരുക്കിക്കൊടുത്തതുമെല്ലാം നെഹ്‌റുവും ഇന്ദിരയുമൊക്കെയാണ്. അല്ലാതെ മോദിയുടെ അഞ്ച് വർഷത്തിലുണ്ടായതല്ല. വാജ്പേയിയുടെ സംഭാവന പോലും മോദി മറക്കുകയാണ്. അമേരിക്കൻ പ്രസിഡന്റായിരുന്ന നിക്സനെ പോലും വിറപ്പിച്ച ഇന്ദിരഗാന്ധിയുടെ പാർട്ടിക്കാരോടാണ് സർജിക്കൽസ്ട്രൈക്കിനെപ്പറ്റിയെല്ലാം പറയുന്നത്. താൻ പ്രതിരോധമന്ത്രിയായിരുന്നപ്പോൾ മൂന്ന് തവണ സർജിക്കൽസ്ട്രൈക്ക് നടത്തിയിട്ടുണ്ട്. അതൊന്നും ആരും പുറത്ത് പറയാറില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എന്നും വിശ്വാസികൾക്കൊപ്പമാണ്. ശബരിമല ആചാരം സംരക്ഷിക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തി ആചാരലംഘനത്തിനായി സത്യവാങ്മൂലം നൽകിയതും വാദിച്ചതും പിണറായിയാണ്. കേരളസർക്കാരിന്റെ നിലപാട് തെറ്റെന്നും തന്റെ സർക്കാർ ആചാരസംരക്ഷണത്തിന് നിലകൊള്ളുന്നവരാണെന്നും കേന്ദ്രസർക്കാരിന് പറയാമായിരുന്നെങ്കിലും ചെയ്തില്ല.