തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടക്കുന്നെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മണ്ഡലത്തിൽ ഒന്നിലധികം കാർഡുകൾ ഉപയോഗിച്ച് വ്യാപകമായി കള്ളവോട്ട് ചെയ്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഒരാളുടെ പേരിൽ തന്നെ രണ്ടും മൂന്നും തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തിൽ 1,12,322 ഐഡന്റിറ്റി കാർഡുകളാണ് ഇതുവരെ കണ്ടെത്തിയത്. അന്വേഷിച്ചാൽ കൂടുതൽ ഇരട്ട കാർഡുകൾ കണ്ടെത്താൻ കഴിഞ്ഞേക്കും. ഇലക്ഷൻ കമ്മിഷൻ പുറപ്പെടുവിച്ച അന്തിമ വോട്ടർ പട്ടികയിലാണ് ഗുരുതരമായ പിഴവുകൾ കണ്ടെത്തിയിരിക്കുന്നത്. ഇക്കൂട്ടത്തിൽ ഇരട്ട വോട്ടുകൾക്ക് പുറമേ മൂന്നു വ്യാജ ഐ.ഡി കാർഡുകൾ കരസ്ഥമാക്കിയവരുമുണ്ട്. ഇത് വ്യക്തമാക്കുന്ന ലിസ്റ്റ് തെളിവുസഹിതം നേതാക്കൾ വാർത്താസമ്മേളനത്തിൽ ഹാജരാക്കി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം ബൂത്ത് ലെവൽ ഓഫീസർമാരുടെ സഹായത്തോടെയാണ് നടത്തിയിട്ടുള്ളതെന്നും അടൂർ പ്രകാശ് ആരോപിച്ചു. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും കളക്ടർക്കും പരാതി അയച്ചിട്ടുണ്ട്. ഇരട്ട വോട്ടുചെയ്താൽ ക്രിമിനൽ നടപടി സ്വീകരിക്കണം, ഇതിനുപിന്നിൽ പലതരം ഗൂഢാലോചനയുണ്ട്. തന്റെ പേരിലുള്ള കേസുകൾ പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചില്ലെന്ന എൽ.ഡി.എഫിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും നിയമപരമായി ചെയ്യേണ്ട നടപടിക്രമങ്ങളൊക്കെ പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു. മുൻ എം.എൽ.എ വർക്കല കഹാർ, മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.