a-k-antony-
a k antony

തിരുവനന്തപുരം: തിരഞ്ഞെടുപ്പിനുശേഷം രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ മതേതര സർക്കാരിനായി എണ്ണം തികയാതെ വന്നാൽ ഇടതുകക്ഷികളുടെയും പിന്തുണ തേടുമെന്നും അവരോട് തൊട്ടുകൂടായ്മയുണ്ടാവില്ലെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി വ്യക്തമാക്കി. ഇപ്പോൾ ഇടതുപക്ഷം കാഴ്ചക്കാർ മാത്രമാണ്. തിരഞ്ഞെടുപ്പിനുശേഷമുള്ള രണ്ടാം ഘട്ടത്തിലാണ് അവരുടെ പ്രസക്തി. മന്ത്രിസഭയുണ്ടാക്കാൻ രാഷ്ട്രപതി വിളിക്കണമെങ്കിൽ കോൺഗ്രസിനോ അതിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിനോ ബി.ജെ.പിക്ക് കിട്ടുന്നതിനെക്കാൾ ഒരു സീറ്റെങ്കിലും അധികം കിട്ടണം. അതിന് കേരളം കക്ഷിരാഷ്ട്രീയം മറന്ന് വോട്ട് ചെയ്യണം. പരമ്പരാഗതമായി ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്നവരും കോൺഗ്രസിനെ സഹായിക്കണമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് വികസനരേഖ പ്രകാശനം ചെയ്യവേ ആന്റണി വാർത്താലേഖകരോട് പറഞ്ഞു.

ആർ.എസ്.എസ് നയിക്കുന്ന സർക്കാരുണ്ടാകാതിരിക്കാൻ സമാനചിന്താഗതിക്കാരായ, ഇപ്പോൾ സഖ്യമുണ്ടാക്കാത്ത എല്ലാ പാർട്ടികളുടെയും പിന്തുണ തേടും. അഞ്ച് വർഷത്തെ മോദി ഭരണത്തിന്റെയും മൂന്ന് വർഷത്തെ പിണറായി ഭരണത്തിന്റെയും വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനുശേഷം മോദി പുറത്താകും. പിണറായിക്ക് കസേര തെറിക്കില്ലെങ്കിലും ജനങ്ങളുടെ ശാസന ലഭിച്ച്, നല്ലനടപ്പ് ജാമ്യത്തിലാകും ബാക്കിയുള്ള രണ്ട് വർഷത്തെ ഭരണം. ഇന്ത്യയെ വീണ്ടും കണ്ടെത്താനാണ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ശ്രമിക്കുന്നത്. അതിന്‌ എല്ലാവരും സഹായിക്കണം- ആന്റണി പറഞ്ഞു.