dr-b-asok

ശിവഗിരി: ശാരദാ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ധർമ്മസംഘം ട്രസ്റ്റിന്റെയും ഗുരുധർമ്മ പ്രചാരണ സഭയുടെയും സംയുക്താഭിമുഖ്യത്തിൽ മൂന്ന് ദിവസമായി ശിവഗിരിയിൽ നടന്നുവന്ന 57-ാമത് ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്ത് ഇന്നലെ സമാപിച്ചു.

'ഗുരുദേവന്റെ നവോത്ഥാന സങ്കല്പവും ആശാന്റെ ചിന്താവിഷ്ടയായ സീതയും' എന്ന വിഷയത്തിൽ ഇന്നലെ നടന്ന സെമിനാർ ഊർജ വകുപ്പ് സെക്രട്ടറി ഡോ. ബി.അശോക് ഉദ്ഘാടനം ചെയ്തു. നവോത്ഥാനമെന്നത് ആദ്ധ്യാത്മികമായ ഒരു പ്രസ്ഥാനവും ചിന്തയുമാണെന്ന് അദ്ദേഹം പറഞ്ഞു. 1950ൽ ഭരണഘടന ആരാധനാസ്വാതന്ത്റ്യം ഉറപ്പുനൽകുന്നതിനും എത്രയോ മുമ്പ് 1888ൽ ഗുരുദേവൻ അരുവിപ്പുറത്ത് അത് പ്രയോഗിച്ചുകഴിഞ്ഞിരുന്നു. ഗുരുശിഷ്യനായ മഹാകവി കുമാരനാശാൻ 1919ൽ ചിന്താവിഷ്ടയായ സീതയിലൂടെ ഉയർത്തുന്ന ചോദ്യങ്ങളും നവോത്ഥാനത്തെ മനസിലാക്കാൻ ഉതകുന്നതാണ്. അനുഭവവും ആത്മഗതവും ആദ്ധ്യാത്മികമായി സീതയെ സ്വതന്ത്രയാക്കുന്നു. മരണമില്ലാത്ത കേരളീയ നവോത്ഥാനത്തിന്റെ യഥാർത്ഥ സാക്ഷ്യമാണ് ചിന്താവിഷ്ടയായ സീതയെന്നും അശോക് പറഞ്ഞു. മങ്ങാട് ബാലചന്ദ്രൻ മോഡറേറ്രറായിരുന്നു. സ്വാമി ഗുരുപ്രസാദ്, ഡോ. അജയൻ പനയറ, ഡോ.സി.കെ.രവി, സജയ്.കെ.വി എന്നിവർ സംസാരിച്ചു. സ്വാമി വിശാലാനന്ദ സ്വാഗതവും ഡോ.എം.ജയരാജ് നന്ദിയും പറഞ്ഞു. രാവിലെ ഹവനം, പൂജ, ഗുരുപൂജ എന്നിവയ്ക്കുശേഷം സ്വാമി സാന്ദ്രാനന്ദയുടെ നേതൃത്വത്തിൽ ധ്യാനം, യോഗ പരിശീലനം എന്നിവയും ഡോ. രാജൻ കോസ്‌മിക്കിന്റെ നേതൃത്വത്തിൽ മ്യൂസിക് തെറാപ്പിയും നടന്നു.

ഫോട്ടോ: ശിവഗിരിയിൽ ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്തിനോടനുബന്ധിച്ച് നടന്ന സെമിനാർ ഊർജവകുപ്പ് സെക്രട്ടറി ഡോ. ബി.അശോക് ഉദ്ഘാടനം ചെയ്യുന്നു. സ്വാമി സച്ചിദാനന്ദ, ഡോ. സി.കെ.രവി, കെ.വി. സജയ്, ഡോ. അജയൻ പനയറ, സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രസാദ്, ഡോ. എം.ജയരാജ്, മങ്ങാട്‌ ബാലചന്ദ്രൻ എന്നിവർ സമീപം