മുടപുരം: നയത്തിലും നിലപാടിലും ബി.ജെ.പിയും കോൺഗ്രസും ഒരേ നിലപാട് സ്വീകരിക്കുന്നതിനാൽ അവർ ഒരേ തൂവൽ പക്ഷികളാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥി എ. സമ്പത്തിനെ വിജയിക്കണമെന്നാവശ്യപ്പെട്ട് പെരുങ്ങുഴി മാർക്കറ്റ് ജംക്ഷനിലും മുടപുരത്തും ഇ.എസ്. ബ്ലോക്ക് ജംഗ്ഷനിലും സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ ജനാധിപത്യം തകരും, എകാധിപത്യം വരും. മാത്രമല്ല ബി.ജെ.പി വിരുദ്ധ സർക്കാർ വന്നാലും ഇടതുപക്ഷത്തിന് ശക്തിയുണ്ടെങ്കിലേ സാധാരണക്കാർക്കും പാവങ്ങൾക്കും വേണ്ടി ഭരണം നടത്താൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇടതു മുന്നണി സർക്കാർ കയർത്തൊഴിലാളികളോട് ഉദാര സമീപം സ്വീകരിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇ.എസ്. ബ്ലോക്ക് ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ കവിത സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജി. വേണുഗോപാലൻ നായർ, അഡ്വ. ആർ. ശ്രീകണ്ഠൻ നായർ, എസ്. ചന്ദ്രൻ, മനേഷ് കൂന്തള്ളൂർ, കൂടത്തിൽ പി. ഗോപിനാഥൻ, വി.എസ്. വിജുകുമാർ തുടങ്ങിയവർ സംസാരിച്ചു. പെരുങ്ങുഴി മാർക്കറ്റ് ജംഗ്ഷനിൽ ചേർന്ന പൊതുയോഗത്തിൽ അഴൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജിത്ത് അദ്ധ്യക്ഷത വഹിച്ചു. കയർ ഫെഡ് ചെയർമാൻ അഡ്വ. എൻ. സായികുമാർ, അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ഇന്ദിര, സി.പി.എം ഏരിയാ കമ്മിറ്റി അംഗം ആർ. അനിൽ, അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി. അനിലൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. മുരളീധരൻ നായർ, ഗ്രാമ പഞ്ചായത്ത് മെമ്പർ സി. സുര എന്നിവർ സംസാരിച്ചു.