തിരുവനന്തപുരം: വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. തുഷാറിനെതിരായി ഉണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് എൻ.ഡി.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ഡി.എ സ്ഥാനാർത്ഥിക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളിൽ നടപടി സ്വീകരിക്കാൻ സർക്കാരും ഇലക്ഷൻ കമ്മിഷനും തയ്യാറാകുന്നില്ലെന്നും രമേശ് ആരോപിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവ, ജില്ലാ ജനറൽ സെക്രട്ടറി ബിജു ബി. നായർ, ബി.ഡി.ജെ.എസ് ജില്ലാ ട്രഷറർ ഉപേന്ദ്രൻ, മണ്ഡലം പ്രസിഡന്റ് കെ.വി. അനിൽകുമാർ, മലയിൻകീഴ് രാജേഷ്, എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.