തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തലസ്ഥാന നഗരത്തിൽ പൊലീസ് പഴുതടച്ച സുരക്ഷയാണ് സജ്ജമാക്കുന്നത്. പൊലീസിനു പുറമേ കേന്ദ്രസേനയും തമിഴ്‌നാട് പൊലീസും രംഗത്തുണ്ടാവും. വോട്ടെടുപ്പ് സുഗമമായി നടക്കുന്നതിനും അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിനുമായി കൂടുതൽ പൊലീസിനെയും സേനാംഗങ്ങളെയും വോട്ടെടുപ്പ് കേന്ദ്രങ്ങളിലും പ്രശ്‌നബാധിത പ്രദേശങ്ങളിലും വിന്യസിക്കും. തിരഞ്ഞെടുപ്പിനു മുന്നോടിയായി ക്രിമിനൽ പശ്ചാത്തലമുള്ളവരെയും സാമൂഹ്യവിരുദ്ധരെയും നിരീക്ഷിക്കുന്നതിനും പ്രശ്‌നക്കാരായവരെ പിടികൂടുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിൻ പറഞ്ഞു. പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് നഗരത്തിലെ വിവിധ ജംഗ്ഷനുകളിൽ നടക്കുന്ന കൊട്ടിക്കലാശത്തിൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ കാമറ നിരീക്ഷണവും വൻ പൊലീസ് സന്നാഹത്തെയും സജ്ജമാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ നിരന്തരം പട്രോളിംഗ് നടത്തി പൊലീസ് സാന്നിദ്ധ്യം ഉറപ്പുവരുത്തും. പോളിംഗ് സ്‌റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ മൊബൈൽഫോൺ ഉപയോഗിക്കുന്നതിനും സ്വകാര്യവാഹനങ്ങൾ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നഗരത്തിലെത്തിയ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശങ്ങൾ കൈമാറി.
സുരക്ഷയ്ക്ക്
സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ
2 എസ് പി മാർ
24 ഡിവൈ.എസ്.പിമാർ
35 സർക്കിൾ ഇൻസ്‌പെക്ടർമാർ
60 എസ് ഐമാർ
10 വനിതാ എസ്.ഐ മാർ
1400 സിവിൽ പൊലീസ് ഉദ്യോഗസ്ഥർ
120 വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ
600 സ്‌പെഷ്യൽ പൊലീസ് ഓഫീസർമാർ
തമിഴ്‌നാട് പൊലീസിന്റെ ഒരു കമ്പനി
സി.ഐ.എസ്.എഫിന്റെ ഒരു കമ്പനി
നിരീക്ഷണത്തിന്
നഗരത്തിലെ 77 പ്രശ്‌നബാധിത സ്ഥലങ്ങളിലും, വോട്ടെടുപ്പ് കേന്ദ്രങ്ങളിലും 24 മണിക്കൂറും കാമറ
വെബ് കാസ്റ്റിംഗ് സംവിധാനവും മൈക്രോ ഒബ്‌സർവർമാരുടെ നിരീക്ഷണവും
.വോട്ടെടുപ്പ് കേന്ദ്രങ്ങളിലും പരിസരങ്ങളിലും റോന്തുചുറ്റുന്നതിനായി 120 പട്രോളിംഗ് സംഘം
കേന്ദ്ര അർദ്ധസൈനിക വിഭാഗത്തിന്റെയും പൊലീസിന്റെയും സംയുക്ത റൂട്ട് മാർച്ച്
ഷാഡോ പൊലീസ്
മഫ്‌തി പൊലീസ്