തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരായ അശ്ലീല പരാമർശത്തിൽ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ നിയമോപദേശം നൽകി. വിജയരാഘവൻ കുറ്റം ചെയ്തിട്ടില്ലെന്നാണ് നിയമോപദേശത്തിലുള്ളത്. നിയമോപദേശം മലപ്പുറം എസ്.പി തൃശൂർ റേഞ്ച് ഐ.ജിക്ക് കൈമാറി.
പൊന്നാനിയിൽ ഇടതുമുന്നണി പി.വി. അൻവറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിലെ വിജയരാഘവന്റെ പ്രസംഗം ദളിത് വിഭാഗക്കാരിയായ തനിക്ക് വ്യക്തിപരമായി അപമാനമുണ്ടാക്കിയെന്നാണ് രമ്യ ഹരിദാസ് പൊലീസിൽ പരാതി നൽകിയിരുന്നത്. വിജയരാഘവനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 354 എ(1), (4) അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. ഈ രണ്ടു പരാതികളിലും തിരൂർ ഡിവൈ.എസ്.പി പ്രാഥമിക അന്വേഷണം തുടങ്ങുകയും രമ്യയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. പൊന്നാനിയിൽ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവൻ അപകീർത്തികരമായ പരാമർശം നടത്തിയത്.