വർക്കല: മേൽവെട്ടൂരിൽ വൃദ്ധയെയും മകനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഒന്നരവർഷത്തിനു ശേഷം വർക്കല പൊലീസ് പിടികൂടി. അയിരൂർ കിഴക്കേപുത്തൻവീട്ടിൽ അജേഷിനെയാണ് (39) പുനലൂരിൽ നിന്നും അറസ്റ്റുചെയ്‌തത്. 2018 ജനുവരിയിലാണ് സംഭവം. മേൽവെട്ടൂർ കയറ്റാഫീസ് ലക്ഷംവീട് കാട്ടുവിളവീട്ടിൽ രമണിയെയും മകൻ ഷിബുരാജിനെയും രാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ പിടിയിലായത്. വെട്ടേറ്റ ഷിബുരാജും അയൽവാസിയും കേസിലെ മൂന്നാം പ്രതിയുമായ ശ്യാമും തമ്മിൽ ബൈക്ക് അടിച്ചുപൊട്ടിച്ച കേസിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ഷിബുരാജിനെ കൊലപ്പെടുത്താൻ അജേഷിനും പ്രാവ് ഉണ്ണി എന്ന വിഷ്ണുവിനും ശ്യാം 50000 രൂപ ക്വട്ടേഷൻ നൽകുകയായിരുന്നെന്ന് പൊലീസ് പറയുന്നു. വീട്ടിൽക്കയറി ഷിബുരാജിനെയും മാതാവിനെയും ആക്രമിക്കുന്നതിനിടെ അജേഷ് ആളുമാറി വിഷ്ണുവിനെയും വെട്ടിപ്പരിക്കേൽപിച്ചു. ഈ സംഭവത്തിൽ രണ്ട് പ്രതികളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അജേഷ്. 2003ൽ അയിരൂർ കള്ളുഷാപ്പിൽ വച്ച് ബാബു എന്ന ആളെ ചവിട്ടി കൊലപ്പെടുത്തിയ കേസിലും 2007ൽ ആൽത്തറമൂട്ടിൽ കുട്ടൻ എന്നയാളെ വെട്ടിപ്പരിക്കേല്പിച്ച കേസിലും വർക്കല മുൻ ആക്ടിംഗ് ചെയർമാൻ ബിജുഗോപാലനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും വർക്കല ബീച്ചിൽ ജയപാലൻ എന്ന പൊലീസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ബീച്ചിൽ കമറുദ്ദീൻ എന്നയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും അജേഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വർക്കല എസ്.എച്ച്.ഒ ജി. ഗോപകുമാർ, എസ്.ഐ ശ്യാംജി, എസ്.സി.പി.ഒമാരായ നവാസ്, മുരളീധരൻപിള്ള, സി.പി.ഒ ഹരീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.