women
WOMEN

ന്യൂ‌ഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ സ്ത്രീ നൽകിയ പരാതിയുടെ പ്രസക്ത ഭാഗങ്ങൾ:

പരാതിക്കാരിക്ക് സുപ്രീംകോടതിയിൽ ടൈപ്പിംഗും രേഖകൾ സമാഹരിക്കലുമായിരുന്നു ജോലി.

2015 ൽ എനിക്ക് 35 വയസായിരുന്നു. 2016 ഒക്ടോബറിലാണ് ജസ്റ്റിസ് ഗൊഗോയുടെ കോടതിയിൽ നിയമിതയാകുന്നത്. നന്നായി ജോലി ചെയ്‌തതിനാൽ അദ്ദേഹത്തിന്റെ അഭിനന്ദനം നേടി. പലപ്പോഴും അദ്ദേഹം ചേംബറിലേക്ക് തന്നെ വിളിച്ച് ജോലികൾ നൽകിയിരുന്നു. എനിക്കും മറ്റൊരു ജീവനക്കാരനും മാത്രമാണ് അദ്ദേഹത്തിന്റെ സ്വകാര്യ മൊബൈൽ നമ്പർ നൽകിയിരുന്നത്. അദ്ദേഹം നിരന്തരം മെസേജുകൾ അയയ്ക്കുമായിരുന്നു.

2018 ആഗസ്റ്റിൽ എന്റെ ജോലി അദ്ദേഹത്തിന്റെ വസതിയിലേക്ക് മാറ്റി. എന്നും രാവിലെ വാട്ട്സ് ആപ്പിൽ ഗുഡ്‌മോണിംഗ് മെസേജ് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാട്ട്സ് ആപ്പ് കാളിൽ അദ്ദേഹം വിളിക്കുമായിരുന്നു. വ്യക്തിപരമായ കാര്യങ്ങളും സംസാരിച്ചിരുന്നു. എല്ലാ മെസേജുകളും ഉടൻ ഡിലീറ്റ് ചെയ്യണമെന്നും നിർദ്ദേശിച്ചിരുന്നു. അദ്ദേഹം ചീഫ് ജസ്റ്റിസായശേഷം എന്റെ വികലാംഗനായ ബന്ധുവിന് ജൂനിയർ കോർട്ട് അസിസ്റ്റന്റായി ജോലി നൽകി.

സാധാരണ ഞാൻ കറുപ്പും വെളുപ്പും വസ്ത്രങ്ങളണിഞ്ഞാണ് ഒാഫീസിൽ പോകുന്നത്. ഒക്ടോബർ 10ന് നവരാത്രിയുടെ ആദ്യ ദിനമായിരുന്നതിനാൽ ഒാറഞ്ച് നിറത്തിലുള്ള കുർത്തയും ദുപ്പട്ടയുമാണ് ധരിച്ചിരുന്നത്. ' സുന്ദരിയായിരിക്കുന്നല്ലോ" എന്ന് പറഞ്ഞിട്ട് അദ്ദേഹത്തിന്റെ അടുത്ത് നിൽക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം എന്റെ തല തടവി. പിറകുവശം മുഴുവൻ തഴുകി താഴേക്ക് കെെ കൊണ്ടുപോയി. ഞാൻ സ്തംഭിച്ചുപോയി. എന്റെ ശരീരം മരവിച്ചു. എന്റെ കവിളിൽ പിടിച്ചുവലിച്ചു.

പിറ്റേന്ന് കൂടുതൽ ഗുരുതരമായ കാര്യങ്ങൾ ഉണ്ടായി. കുറച്ചുകൂടി തടിവച്ചാൽ കൂടുതൽ സുന്ദരിയാകുമെന്ന് അദ്ദേഹം പറഞ്ഞു. 'എനിക്ക് വേണ്ടി എന്തുചെയ്യാൻ കഴിയും" എന്ന ചോദ്യം ആവർത്തിച്ചു. എഴുന്നേറ്റ് എന്റെ അരികിൽ വന്നു. അദ്ദേഹം എഴുന്നേറ്റതിനാൽ ഞാനും എഴുന്നേറ്റു. അദ്ദേഹം എന്റെ കരങ്ങൾ ഗ്രഹിച്ചു. കരങ്ങൾ മണക്കുന്നു എന്ന് പറഞ്ഞ് എന്റെ കവിളിൽ പിടിച്ചു. പിന്നീട് എന്നെ ചുറ്റിപിടിച്ചു. എന്നെ ചേർത്തുപിടിക്കൂ എന്ന് പറഞ്ഞു. പക്ഷേ ഞാൻ തയ്യാറായില്ല. അദ്ദേഹം ബലം പ്രയോഗിച്ചപ്പോൾ ഞാൻ തള്ളി മാറ്റി. ആ ആഘാതത്തിൽ ചുവട് തെറ്റിയ അദ്ദേഹത്തിന്റെ നെറ്റി ബുക്ക് ഷെൽഫിൽ ഇടിച്ചു. ഞാൻ ഉടനെ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി. കുറച്ചുകഴിഞ്ഞ് അദ്ദേഹം എന്നെ വിളിപ്പിച്ചു.

ഒരു പേപ്പർ തന്നിട്ട് താൻ പറയുന്നതുപോലെ എഴുതാൻ പറഞ്ഞു. ഇവിടെ നടന്നതൊന്നും ആരോടും പറയരുതെന്നും പറഞ്ഞു.

'ഞാൻ നിങ്ങളുടെ അന്തസിനെ ഒരിക്കലും അപമാനിക്കില്ല. എന്നെ കെട്ടിപ്പിടിക്കൂ." എന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി എഴുതി നൽകാൻ പറഞ്ഞു. ഞാൻ എഴുതിനൽകി.

പിറ്റേന്ന് മുതൽ ചീഫ് ജസ്റ്റിസിന്റെ സ്വഭാവം മാറി. അദ്ദേഹം ഒരക്ഷരം സംസാരിച്ചില്ല. അതിനുശേഷം തന്നെ മൂന്നുതവണ സ്ഥലംമാറ്റി. പിന്നീട് പിരിച്ചുവിട്ടു. തുടർന്നാണ് പ്രതികാര നടപടികൾ ഉണ്ടായത്.

 പ്രതികാര നടപടികൾ

ഡൽഹി പൊലീസിലെ ഹെഡ് കോൺസ്റ്റബിൾമാരായ ഭർത്താവിനെയും സഹോദരനെയും സസ്പെൻഡ് ചെയ്തു. സുപ്രീംകോടതിയിൽ താത്കാലിക ജൂനിയർ കോട്ട് അറ്റൻഡറായ മറ്റൊരു സഹോദരനെ പിരിച്ചുവിട്ടു. സുപ്രീംകോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പേരിൽ പൊലീസ് തന്നെയും ഭർത്താവിനെയും കസ്റ്റഡിയിലെടുത്തു. അടുത്തദിവസം ഭർത്താവിന്റെ സഹോദരനെയും ഭാര്യയെയും മറ്റൊരു ബന്ധുവിനെയും തിലക് മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. കൈയും കാലും കെട്ടിയിട്ട് ഭക്ഷണവും വെള്ളവും തരാതെ 24മണിക്കൂർ ഇരുത്തി.