തിരുവനന്തപുരം: രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ ദേശീയനേതാക്കളുടെ പട കണ്ട കേരളം, അത്യുഗ്രൻ പ്രചരണ മഹാമഹത്തിന് ശേഷം ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകാൻ ഒരുങ്ങി. കൊണ്ടും കൊടുത്തും കളമടക്കി വാണ മുന്നണികളും പടയാളികളും ഇന്ന് ഇരുപത് മണ്ഡലങ്ങളിലും കൊട്ടിക്കലാശം കൊഴുപ്പിക്കാനുള്ള മത്സരത്തിലാണ്.
ശബരിമല വിവാദവും രാഹുൽ ഇഫക്ടും സൃഷ്ടിച്ച അലയൊലികളും അതുണ്ടാക്കാവുന്ന അടിയൊഴുക്കുകളും ജനവിധിയെ എങ്ങനെ സ്വാധീനിക്കുമെന്നത് ആകാംക്ഷയുണർത്തുന്നു.
നാല് മണ്ഡലങ്ങളിൽ ഇക്കുറി തീക്ഷ്ണമായ ത്രികോണമത്സരമാണ് - തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും പാലക്കാട്ടും. എൽ.ഡി.എഫ്- യു.ഡി.എഫ് നേർക്കുനേർ ഇഞ്ചോടിഞ്ച് പോരാട്ടം ആറ്റിങ്ങൽ, കൊല്ലം, വടകര, കണ്ണൂർ, കോഴിക്കോട് മണ്ഡലങ്ങളിലാണ്. ആലത്തൂർ, മാവേലിക്കര, ആലപ്പുഴ, ചാലക്കുടി മണ്ഡലങ്ങളിലും അവസാനഘട്ടത്തിൽ പോരാട്ടം കടുത്തിട്ടുണ്ട്. രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ വയനാട് മണ്ഡലവും കേരളമാകെയും ദേശീയശ്രദ്ധ പിടിച്ചുപറ്റുന്നു.
ശബരിമല വിവാദം ഇളക്കിവിട്ട വിശ്വാസി വികാരം അനുകൂലമാകുമെന്ന് യു.ഡി.എഫും എൻ.ഡി.എയും ഒരുപോലെ പ്രതീക്ഷിക്കുന്നു. ശബരിമലയ്‌ക്ക് അപ്പുറം രാഹുൽ പ്രഭാവം സൃഷ്‌ടിക്കാവുന്ന മത ന്യൂനപക്ഷ കേന്ദ്രീകരണവും യു.ഡി.എഫ് പ്രതീക്ഷയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം ചോർന്നുപോയ ന്യൂനപക്ഷ വോട്ട്ബാങ്ക് തിരിച്ചുപിടിക്കാമെന്നാണ് അവരുടെ കണക്കുകൂട്ടൽ. എന്നാൽ, കൃത്യമായ രാഷ്ട്രീയവോട്ടുകളും സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളും പ്രചാരണത്തിൽ പ്രഖ്യാപിച്ച ഉറച്ച മതേതരനിലപാടുമെല്ലാം തുണയാകുമെന്നാണ് ഇടത് ക്യാമ്പിന്റെ പ്രതീക്ഷ. ശബരിമല വികാരം ബാധിക്കാതിരിക്കാൻ താഴേത്തട്ടിലടക്കം പഴുതടച്ചുള്ള പ്രചാരണത്തിലാണ് ഇടതുമുന്നണി. ശബരിമലവിധിയോടെ വിശ്വാസസംരക്ഷണത്തിന്റെ പേരിൽ നിലകൊണ്ടവരാണ് യു.ഡി.എഫും എൻ.ഡി.എയും. അത് ഇവരിൽ ആരെ തുണയ്‌ക്കും എന്നതാണ് വലിയ ചോദ്യം.
രാഹുൽഗാന്ധിയുടെ വരവിനെ ന്യൂനപക്ഷ പ്രീണനവുമായി കൂട്ടിക്കെട്ടി ബി.ജെ.പി ദേശീയ തലത്തിൽ അഴിച്ചുവിട്ട പ്രചാരണം കേരളത്തിൽ മതന്യൂനപക്ഷങ്ങളുടെ കേന്ദ്രീകരണം തങ്ങൾക്ക് അനുകൂലമാക്കുമെന്നാണ് യു.ഡി. എഫ് കരുതുന്നത്. പ്രത്യേകിച്ച് വയനാടിനെക്കുറിച്ചും മുസ്ലിം ലീഗിനെക്കുറിച്ചും യോഗി ആദിത്യനാഥും അമിത്ഷായും പ്രധാനമന്ത്രിയും നടത്തിയ വിമർശനങ്ങൾ.
ന്യൂനപക്ഷ കേന്ദ്രീകരണം പൂർണമായി യു.ഡി.എഫിലേക്ക് ചായാതിരിക്കാൻ പിന്നീട് ഇടതുപക്ഷവും പ്രചാരണം ശക്തമാക്കി. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടുകളെ കുടുംബയോഗങ്ങളിലടക്കം തുറന്നുകാട്ടാനായിരുന്നു ശ്രമം. ന്യൂനപക്ഷമേഖലകളിലടക്കം ഇത് ശക്തമാക്കി.
ബി.ജെ.പിയും എൻ.ഡി.എയും പ്രചാരണം നീക്കിയത് പ്രധാനമായും ശബരിമലയിൽ കേന്ദ്രീകരിച്ചാണ്. പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ശബരിമല വിവാദത്തിന്റെ ഗുണഫലമാണ് അവർ പ്രതീക്ഷിക്കുന്നത്. അതുതന്നെ യു.ഡി.എഫും പ്രതീക്ഷിക്കുമ്പോൾ ശബരിമലയുമായി ബി.ജെ.പി അതിതീവ്ര ഹൈന്ദവ വികാരത്തിലേക്ക് നീങ്ങുന്നത് മതേതര വോട്ടർമാരെ തങ്ങൾക്ക് അനുകൂലമാക്കുമെന്ന കണക്കുകൂട്ടൽ എൽ.ഡി.എഫിനുമുണ്ട്. യു.ഡി.എഫും എൽ.ഡി.എഫും തുടക്കത്തിൽ ശബരിമല ചർച്ച ചെയ്യാതിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി അത് അജൻഡയാക്കിയതോടെ അവരും ഏറ്റുപിടിച്ചു. പ്രചരണത്തിന്റെ അവസാന മണിക്കൂറുകളിൽ ശബരിമല മുഖ്യ വിഷയമായി.
കത്തുന്ന വേനലിനെയും വെല്ലുന്ന പ്രചാരണച്ചൂടിൽ നീണ്ട 43 ദിവസം എരിപൊരിക്കൊണ്ടാണ് കേരളം ഇന്ന് കലാശക്കൊട്ടിലേക്ക് കടക്കുന്നത്.