തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെ അവസാനിക്കും. 23ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. രാവിലെ ആറിന് മോക്ക് പോൾ നടക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2,61,51,534 വോട്ടർമാരാണുള്ളത്. ഇതിൽ 1,34,66,521 സ്ത്രീ വോട്ടർമാരും 1,26,84,839 പുരുഷ വോട്ടർമാരുമാണ്. ട്രാൻസ്‌ജെൻഡേഴ്‌സ് 174. ഭിന്നശേഷിക്കാർ-1,35,357. കന്നിവോട്ടർമാർ 2,88,191.
മലപ്പുറം ജില്ലയിലാണ് കൂടുതൽ വോട്ടർമാർ-31,36,191. കുറവ് വയനാട് -5,94,177. 24,970 പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്. രണ്ട് ബ്രെയിൽ സാമ്പിൾ ബാലറ്റ് പേപ്പറുകൾ എല്ലാ ബൂത്തിലുമുണ്ടാവും. കൂടുതൽ വോട്ടർമാരുള്ള കുറ്റിയാടി, ആലത്തൂർ, കുന്ദമംഗലം എന്നിവിടങ്ങളിൽ അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ഓക്സിലറി പോളിംഗ് ബൂത്തുകളുണ്ടാവും. സമ്പൂർണമായി വനിതകൾ നിയന്ത്രിക്കുന്ന 240 ബൂത്തുകൾ സംസ്ഥാനത്തുണ്ട്. പ്രശ്നസാദ്ധ്യതയുള്ള 3621 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 16ലേറെ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ആറ്റിങ്ങൽ, വയനാട്, തിരുവനന്തപുരം മണ്ഡലങ്ങളിൽ രണ്ട് ബാലറ്റ് യൂണിറ്റുകൾ വീതം ഉപയോഗിക്കും.