തിരുവനന്തപുരം : പട്ടികയിൽ പേരുണ്ടെങ്കിലും തിരിച്ചറിയൽ കാർഡില്ലാത്തവർക്ക് വോട്ടിടാൻ ഫോട്ടോ പതിച്ച 11 തിരിച്ചറിയൽ രേഖകളിലൊന്ന് ഹാജരാക്കണം. എന്നാൽ മുൻ തിരഞ്ഞെടുപ്പുകളിൽ തിരിച്ചറിയൽ രേഖയായി അംഗീകരിച്ചിരുന്ന സഹകരണ ബാങ്കുകളിലെ പാസ് ബുക്കിന് അനുവദിക്കില്ല. 23ന് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പബ്ളിക് ലിമിറ്റഡ് കമ്പനികൾ എന്നിവർ നൽകിയ ഫോട്ടോയോടുകൂടിയ സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോയോടുകൂടിയ ബാങ്ക്, പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, പാൻ കാർഡ്, നാഷണൽ പോപ്പുലേഷൻ രജിസ്റ്ററിനായി രജിസ്ട്രാർ ജനറൽ ഒഫ് ഇന്ത്യ നൽകിയ സ്മാർട്ട് കാർഡ്, എം.എൻ.ആർ.ഇ.ജി.എ ജോബ് കാർഡ്, തൊഴിൽ മന്ത്രാലയം അനുവദിച്ച ആരോഗ്യ ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഫോട്ടോയോടു കൂടിയ പെൻഷൻ രേഖ, എം.പി, എം.എൽ.എ, എം.എൽ.സി മാർക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നീ രേഖകളാണ് തിരിച്ചറിയൽ രേഖയായി തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിട്ടുള്ളത്.
ഭിന്നശേഷിക്കാരെ വീട്ടിൽ നിന്ന് പോളിംഗ് സ്റ്റേഷൻ വരെ കൊണ്ടുവരുന്നതിന് സർക്കാർ സഹായത്തോടെ വാഹനസൗകര്യം ഏർപ്പെടുത്തും. ഇതിനുള്ള ക്രമീകരണം അതത് പോളിംഗ് സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്. ഇത്തരം വോട്ടർമാരെ കൊണ്ടുവന്ന് വോട്ട് ചെയ്‌തതിന് ശേഷം തിരിച്ച് വീട്ടിലെത്തിക്കാൻ എൻ.സി.സി വോളന്റിയർമാരെ നിയോഗിക്കും. അന്ധർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സംവിധാനമുണ്ടാകും. ഇവർക്കുള്ള ഡമ്മി ബാലറ്റ് പേപ്പർ തിരുവനന്തപുരം ജില്ലയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.