തിരുവനന്തപുരം: അരി മില്ലുടമകൾക്ക് കോടികളുടെ കൊള്ളലാഭമുണ്ടാക്കി കൊടുക്കുന്ന വിധത്തിൽ നെല്ല് സംഭരണത്തിലെ വ്യവസ്ഥ ഇളവ് ചെയ്തതിന് പിന്നിലെ കൊടിയ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലൻസിന് പരാതി നൽകി.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നെല്ല് സംഭരിക്കുന്ന മില്ലുടമകൾ ഒരു ക്വിന്റൽ നെല്ല് സംഭരിച്ചാൽ അത് 68 ശതമാനം അരിയാക്കി സിവിൽ സപ്‌ളൈസ് കോർപ്പറേഷൻ അടക്കമുള്ള പുറം മാർക്കറ്റുകളിലേക്ക് നൽകണം എന്നായിരുന്നു കരാർ വച്ചിരുന്നത്. എന്നാൽ ഇടതു സർക്കാർ ഒരു കിന്റൽ നെല്ല് കുത്തിയാൽ 64.5 ശതമാനം അരി മാത്രം നൽകിയാൽ മതിയെന്നാക്കി. നൂറു കിലോ നെല്ലു കുത്തുന്ന മില്ലുടമ 68 കിലോ അരി നൽകണം എന്നാണ് യു ഡി എഫ് സർക്കാർ കരാർ ഉണ്ടാക്കിയതെങ്കിൽ അറുപത്തിനാലര കിലോ അരി തന്നാൽ മതിയെന്നാണ് ഇടതു സർക്കാരിന്റെ ഉത്തരവ്. ഈ സീസണിൽ 51 ലക്ഷം ടൺ നെല്ലാണ് സംഭരിച്ചത്. ഇത് വഴി കോടികളുടെ ലാഭമാണ് മില്ലുടമകൾക്ക് ഉണ്ടായതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.