തിരുവനന്തപുരം: കോഴിക്കോട്ടെ യു.ഡി.എഫ്. സ്ഥാനാർത്ഥി എം.കെ.രാഘവനെതിരായ കോഴ ആരോപണക്കേസിൽ തുടർ നടപടി തിരഞ്ഞെടുപ്പ് കമ്മിഷൻ പിന്നീട് തീരുമാനിക്കും. വോട്ടെടുപ്പ് അടുത്ത സാഹചര്യത്തിൽ കേസിൽ തെളിവുകൾ ശേഖരിക്കാനും പരിശോധിക്കാനും അന്തിമ റിപ്പോർട്ട് നൽകാനും കൂടുതൽ സമയം വേണമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.
അതേ സമയം വർഗ്ഗീയ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയ്ക്കെതിരായ റിപ്പോർട്ട് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. ഇനി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറാണ്.
സ്ഥാനാർത്ഥികൾ തങ്ങളുടെ പേരിലുള്ള കേസുകളെ സംബന്ധിച്ച് പ്രധാന പത്രങ്ങളിൽ പരസ്യം നൽകണമെന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ പാലിക്കാത്തതിനെതിരെ പരാതികൾ കിട്ടിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും അത് പരിശോധിക്കുക. തിരഞ്ഞെടുപ്പിന് ശേഷം ഒരുമാസത്തിനകം സ്ഥാനാർത്ഥികൾ തെളിവ് സഹിതം തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകണം. ഇത് പരിശോധിച്ച് അന്തിമ റിപ്പോർട്ട് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറും. സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ച് നടപടിയെടുക്കേണ്ടത് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനാണ്.
വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ കമ്മിഷൻ ഗൗരവത്തോടെ കാണും. ക്രമക്കേടുണ്ടെന്ന ആരോപണങ്ങൾ പരിശോധിക്കും. എന്നാൽ വോട്ടർപട്ടിക കർശനമായ സൂഷ്മതയോടെയാണ് തയ്യാറാക്കിയത്.ക്രമക്കേടുകൾക്ക് സാദ്ധ്യത കുറവാണെന്നും കമ്മിഷൻ പറഞ്ഞു.