തിരുവനന്തപുരം: ഇടതുപക്ഷത്തിന് ഒരു പ്രസക്തിയുമില്ലാത്ത നിർണായക തിരഞ്ഞെടുപ്പാണിതെന്നും സി.പി.എമ്മിനും ഇടതുപക്ഷത്തിനും ചെയ്യുന്ന ഓരോ വോട്ടും പാഴാകുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ലേഖനത്തിൽ പറഞ്ഞു. അത് ഫലത്തിൽ ബി.ജെ.പിക്ക് ശക്തി പകരും.
രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും ഊർജ പ്രവാഹമുണ്ടാക്കി. രാഹുലിന്റെ വയനാടൻ മത്സരത്തിന്റെ ആവേശം ദക്ഷിണേന്ത്യ മുഴുവൻ പ്രസരിക്കുന്നുണ്ട്. ഇത് ബി.ജെ.പിയെ മാത്രമല്ല ഇടതു കക്ഷികളെയും വിറളി പിടിപ്പിച്ചിട്ടുണ്ട്. രാഹുലിന്റെ ഇവിടത്തെ മത്സരത്തെ വർഗീയവത്ക്കരിക്കാനുള്ള മ്ലേച്ഛമായ ശ്രമമാണ് പ്രധാനമന്ത്രി നടത്തിയത്. രാഹുൽ എത്തിയതോടെ ഒറ്റ സീറ്റിലും ജയിക്കാനാവില്ല എന്ന സത്യം ഇടതു നേതാക്കളെയും രോഷം കൊള്ളിക്കുന്നു. ഇടതു രോഷത്തെ സ്‌നേഹം കൊണ്ട് നേരിടുമെന്ന രാഹുലന്റെ നിലപാട് ഇടതുപക്ഷത്തെ നിസഹായരാക്കുന്നു.
മോദിയുടെ ഭരണത്തിൽ നാശത്തിലേക്കും അസ്വസ്ഥതയിലേക്കും ദാരിദ്ര്യത്തിലേക്കും കൂപ്പുകുത്തിയ രാജ്യത്തെ വീണ്ടെടുക്കാനും കെടുകാര്യസ്ഥതയും മുഷ്‌ക്കും ചോരക്കൊതിയും അവിവേകവും മാത്രം കൈമുതലാക്കി കേരളത്തെ തകർക്കുന്ന പിണറായി സർക്കാരിന് താക്കീത് നൽകാനുമുള്ള സുവർണാവസരമാണ് ഈ വോട്ടെടുപ്പ്. മോദി സർക്കാരിന്റെ മറ്റൊരു പതിപ്പാണ് പിണറായി സർക്കാർ. അസഹിഷ്ണുതയും ചോരക്കൊതിയുമാണ് സി.പി.എമ്മിന്റെയും മുഖമുദ്ര. പിണറായി അധികാരമേറ്റതിന് പിന്നാലെ തുടങ്ങിയ രാഷ്ട്രീയ കൊലപാതക പരമ്പരയ്‌ക്ക് അറുതിയില്ല. ഏറ്റവുമൊടുവിൽ പെരിയയിൽ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും രക്തത്തിൽ ചവിട്ടി നിന്നാണ് സി.പി.എം വോട്ട് ചോദിക്കുന്നത്. ബി.ജെ.പിയും സി.പി.എമ്മും രാഷ്ട്രീയ കൊലപാതകങ്ങളിൽ മത്സരിക്കുകയാണ്.
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി ഉണ്ടായപ്പോൾ എല്ലാവരെയും വിശ്വാസത്തിലെടുത്ത് പ്രശ്‌നം പരിഹരിക്കുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യത്തോടെ അത് ആളിക്കത്തിക്കുകയാണ് സർക്കാർ ചെയതത്. അതോടെ ശബരിമല സംഘർഷ ഭൂമിയായി. അത് ബി.ജെ.പി മുതലെടുത്തു. വോട്ടെടുപ്പിന്റെ ഈ വേളയിലും ശബരിമല വിഷയം ആളിക്കത്തിക്കാൻ പ്രധാനമന്ത്രി പോലും ശ്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.