supreme-court

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഒരു യുവതി 22 സുപ്രീംകോടതി ജഡ്‌ജിമാർക്ക് കത്തയച്ച പശ്ചാത്തലത്തിൽ ഇന്നലെ അസാധാരണവും അപൂർവവുമായ സിറ്റിംഗ് നടത്തി നീതിപീഠത്തെ അസ്ഥിരപ്പെടുത്താനും കളങ്കപ്പെടുത്താനുമുള്ള ശ്രമമാണ് ആരോപണമെന്ന് കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്‌യുടെ അദ്ധ്യക്ഷതയിൽ ജസ്റ്റിസ്‌മാരായ അരുൺ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് അടിയന്തര സിറ്റിംഗ് നടത്തിയത്.

ആദ്യം സംസാരിച്ച ചീഫ് ജസ്റ്റിസ് ആരോപണം അവിശ്വസനീയമാണെന്നും അത്

നിഷേധിക്കുന്നതിലേക്ക് വരെ താൻ തരം താഴാൻ പാടില്ലെന്നും പറഞ്ഞു. കാര്യങ്ങൾ അതിര് വിട്ടിരിക്കുന്നു. നീതിപീഠത്തെ ബലിയാടാക്കാനാവില്ല - അദ്ദേഹം തുടർന്നു.

തുടർന്ന് ഇൗ ഘട്ടത്തിൽ ആരോപണം സംബന്ധിച്ച് ജുഡിഷ്യൽ ഉത്തരവിറക്കുന്നില്ലെന്ന് ബെഞ്ചിലെ മറ്റ് രണ്ടംഗങ്ങളും വ്യക്തമാക്കി. ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന വിഷയത്തിൽ വാർത്ത നൽകുന്നത് മാദ്ധ്യമങ്ങളുടെ വിവേകത്തിന് വിടുന്നുവെന്ന് വ്യക്തമാക്കിയ കോടതി വാർത്ത പ്രസിദ്ധീകരിക്കുന്നത് തടഞ്ഞില്ല. യുവതിയുടേത് ബ്ളാക്ക്മെയിൽ ശ്രമമാണെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലും പറഞ്ഞു.

2014 മേയ് മുതൽ 2018 ഡിസംബർ വരെ സുപ്രീംകോടതിയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റായി ജോലി നോക്കിയിരുന്ന 35 കാരിയായാണ് പരാതിക്കാരി. 2018 ഒക്ടോബർ 10, 11 തീയതികളിൽ ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഒാഫീസിൽ വച്ച് അദ്ദേഹം ലൈംഗികമായി അതിക്രമം കാട്ടിയെന്നാണ് പരാതി. വഴങ്ങാത്തതിനാൽ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായും പരാതിയിലുണ്ട്.

ആരോപണത്തിന് പിന്നിൽ വൻശക്തികൾ: ചീഫ് ജസ്റ്റിസ്

'ആരോപണത്തിന് പിന്നിൽ വൻശക്തികളുണ്ട്. നിർണായക കേസുകൾ ഉടൻ പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം. ജഡ്‌ജിയായിരിക്കുക കനത്ത വെല്ലുവിളിയാണ്. എന്നാൽ പക്ഷപാതമില്ലാതെ നിർഭയം പദവിയിൽ തുടരും. ആരുടെയും ഭീഷണിക്ക് വഴങ്ങി രാജിവയ്‌ക്കില്ല. ജുഡിഷ്യറിയുടെ ഖ്യാതിക്ക് കളങ്കമേൽപ്പിക്കുകയാണ് ആരോപണത്തിന്റെ ലക്ഷ്യം സാമ്പത്തിക കാര്യങ്ങളിൽ തന്നെ കുടുക്കാനാവില്ല. അതുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ. 20 വർഷമായി ന്യായാധിപനായ തന്റെ ബാങ്ക് ബാലൻസ് 6.8 ലക്ഷം രൂപ മാത്രമാണ്. വിരമിക്കലിന്റെ അടുത്തുനിൽക്കുന്ന ഒരാളിന്റെ ബാങ്ക് ബാലൻസാണിത്. രണ്ട് ക്രിമിനൽ കേസുകൾ പരാതിക്കാരിയുടെ ഭർത്താവിനെതിരെ ഉണ്ട്. സ്ത്രീ നേരത്തേ അറസ്റ്റിലായിരുന്നു. ഒരു കേസ് ഡൽഹി കോടതി പരിഗണിക്കാനിരിക്കുകയാണ്. അതിനിടെയാണ് പരാതി പുറത്തുവിട്ടത്. സൽപ്പേര് മാത്രമാണ് ജഡ്ജിമാരുടെ മൂലധനം. അതും നഷ്ടമാക്കുകയാണ് ആരോപണത്തിന്റെ ലക്ഷ്യം.

ഉത്തരവ്

ഉത്തരവിൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ മാത്രമാണുള്ളത്. ചീഫ് ജസ്റ്റിസ് ഉത്തരവിൽ ഒപ്പ് വച്ചിട്ടില്ല. മറ്റു രണ്ട് ജഡ്ജിമാരുടെ പേരിലാണ് ഉത്തരവ്.