തിരുവനന്തപുരം: പാർക്ക് ചെയ്‌തിരുന്ന കാറിന്റെ ചില്ല് തകർത്ത് ഒന്നരപ്പവൻ സ്വർണം കവർന്നു. ഇന്നലെ ഉച്ചയ്ക്ക് 12.15ന് എസ്.എം.വി സ്‌കൂളിനു സമീപം പാർക്ക് ചെയ്‌ത കാര്യവട്ടം കാവുവിള വീട്ടിൽ സുരേഷ് കുമാറിന്റെ കാറിൽ നിന്നാണ് മോഷണം. സ്ഥലത്തെ സി.സി ടിവി കാമറയിൽ നിന്നു മോഷ്ടാവിനെ കണ്ടെത്താനുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചെന്നാണ് സൂചന. കവർച്ചയെക്കുറിച്ച് സുരേഷ് പറയുന്നത്: മകന്റെ കണ്ണട മാറ്റിവാങ്ങിക്കാനാണ് എസ്.എം.വി സ്‌കൂളിനടുത്തുള്ള കടയിൽ വന്നത്. ഭാര്യയുടെ ജോലിസംബന്ധമായ ഡോക്യുമെന്റുകൾ ഉണ്ടായിരുന്നതുകൊണ്ട് ബാഗ് കാറിൽ വച്ച് ലോക്ക് ചെയ്‌തു. 12.15ഓടെ വാഹനം ഒതുക്കിയിട്ട് പുറത്തേക്കുപോയി. ഒരു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ ചില്ല് തകർത്തതായി കണ്ടെത്തിയത്. പൊട്ടിയ വളയും കരിമണി മാലയും ബാഗിലുണ്ടായിരുന്നു. ഇതും മോഷണം പോയി. കൺട്രോൾ റൂമിൽ നിന്നു പൊലീസെത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.
ട്രാഫിക് പൊലീസിന്റെ സി.സി ടി.വി കാമറയിൽ ഈ ഭാഗത്തെ ദൃശ്യമുണ്ടെങ്കിലും ഇത് വ്യക്തമല്ല. മോഷണം നടന്ന കാറിന്റെ മുൻവശത്തെ വാഹനത്തിൽ നിന്നു ഒരാൾ മന്നോട്ടുപോകുന്നതായി ദൃശ്യത്തിലുണ്ട്. വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തി. ഈ ഭാഗത്ത് പാർക്ക് ചെയ്‌തിരുന്ന കാറിന്റെ ചില്ലു തകർത്ത് മുമ്പും മോഷണം നടത്തിയിട്ടുണ്ട്.