sreekumaran

തിരുവനന്തപുരം: 'മഹാനദികളുടെ സംഗമമാണ് ഈ പരിപാടി' എന്നാണ് ഇന്നലെ നടന്ന സുബ്രഹ്മണ്യ സന്ധ്യയെ മോഹൻലാൽ വിശേഷിപ്പിച്ചത്. നിർമ്മാതാവും സംവിധായകനുമായിരുന്ന പി.സുബ്രഹ്മണ്യത്തിന്റെ ജീവിതം അടയാളപ്പെടുത്തിയ 'പി.സുബ്രഹ്മണ്യം- മലയാള സിനിമയുടെ ഭീഷ്മാചാര്യൻ' എന്ന പുസ്തകത്തിന്റെ പ്രകാശനവും ഗാനസന്ധ്യയുമടങ്ങുന്നതായിരുന്നു ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങ്.

ഉദ്ഘാടകനായി എത്തിയത് ഡോ. കെ.ജെ.യേശുദാസ്.​ ശ്രീകുമാരൻ തമ്പി എഴുതിയ പുസ്തകം പ്രകാശനം ചെയ്തത് മോഹൻലാൽ. ഏറ്റുവാങ്ങിയത് മധു. നിറഞ്ഞുകവിഞ്ഞ സദസ്. മലയാളം ടെലിവിഷൻ ഫ്രട്ടേണിറ്റിയുടെ ആഭിമുഖ്യത്തിലാണ്‌ ചടങ്ങ് നടന്നത്.

ജീവിതത്തിൽ പിതാവിനു തുല്യനായി ഒരാൾ മാത്രമേ ഉള്ളൂ, അത് സുബ്രഹ്മണ്യം മുതലാളിയായിരുന്നുവെന്ന്‌ യേശുദാസ് പറഞ്ഞു. വിവാഹത്തിന് ക്ഷണിക്കാനായി അദ്ദേഹത്തെ കണ്ടപ്പോൾ ഒരു കവറും കുറച്ചു ഭസ്മവും തന്നു. ആ ഭസ്മത്തിന്റെ സുഗന്ധം ഇപ്പോഴും ഓർമ്മയിലുണ്ട്- യേശുദാസ് പറഞ്ഞു.

ഗംഗയ്ക്കും ഹിമാലയത്തിനും പകരം ഒന്നുമില്ല,​ വേദിയിലെ ഈ മഹാത്മക്കൾക്കും പകരം ആരും ഇല്ല- വേദിയിലേക്കു ചൂണ്ടി മോഹൻലാൽ പറഞ്ഞു. ഞാൻ ഒൻപതാം ക്ളാസ് പഠിച്ചു കഴിഞ്ഞ സമയത്താണ് സ്വാമി അയ്യപ്പൻ സിനിമയ്ക്കായി ബാലതാരങ്ങളെ തിരഞ്ഞെടുക്കുന്നുവെന്ന് അറിഞ്ഞത്. എന്റെ ഹിന്ദി അദ്ധ്യാപകൻ അദ്ദേഹത്തിന്റെ മുന്നിലേക്കു കൊണ്ടു പോയി. അദ്ദേഹം എന്നെ ഒന്നു ഉഴിഞ്ഞു നോക്കിയ ശേഷം 'ആ ശരി' എന്നു മാത്രം പറഞ്ഞു. ആ ശരിയിൽ എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട്- മോഹൻലാൽ അനുസ്മരിച്ചു.

മെരിലാന്റ് സ്റ്റുഡിയോ തനിക്കൊരു ഗുരുകുലമായിരുന്നുവെന്ന് നടൻ മധു അനുസ്മരിച്ചു. തന്റെ അച്ഛനെക്കാൾ സുബ്രഹ്മണ്യം മുതലാളി സ്നേഹിച്ചുവെന്ന് മറുമൊഴിയിൽ ശ്രീകുമാരൻ തമ്പി പറഞ്ഞു. സുബ്രഹ്മണ്യത്തിന്റെ കരുതൽ ഉള്ളതുകൊണ്ട് 52 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഒരിക്കൽപോലും മദ്യപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.ആർ.വിജയ,​ കെ.ജയകുമാർ,​ മല്ലികാ സുകുമാരൻ, ഫ്രട്ടേണിറ്റി ഭാരവാഹികളായ ജി.ജയകുമാർ, സുരേഷ് ഉണ്ണിത്താൻ, ശാന്തിവിള ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.