തിരുവനന്തപുരം: വിശ്വാസത്തെ ചവിട്ടിയരച്ച് ശബരിമലയെ കലാപഭൂമിയാക്കിയതിലെ കൂട്ടുപ്രതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി പറഞ്ഞു. തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ പ്രചാരണാർത്ഥം വട്ടിയൂർക്കാവിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധി വന്നപ്പോൾ മോദി അതിനെതിരെ ഒരു ചെറുവിരൽ പോലും അനക്കിയില്ല.വിധി വന്നതിന് പിന്നാലെ അത് തിരക്കിട്ട് നടപ്പാക്കാൻ പിണറായിയും കച്ചകെട്ടിയിറങ്ങി. എന്നാൽ കോൺഗ്രസ് എക്കാലവും വിശ്വാസികൾക്കൊപ്പമായിരുന്നു. വിശ്വാസം സംരക്ഷിക്കാൻ കോൺഗ്രസ് ഏതറ്റം വരേയും പോകും - പ്രവർത്തകരുടെ നിറഞ്ഞ കൈയടിക്കിടെ ആന്റണി പറഞ്ഞു.
അഞ്ച് വർഷം കൊണ്ട് മോദി ഇന്ത്യയിലെ ജനങ്ങളെ കുളിപ്പിച്ചു കിടത്തി. മൂന്ന് വർഷമായി കേരളം ഭരിക്കുന്ന പിണറായി സർക്കാർ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് മലയാളികളെ കബളിപ്പിച്ചു. രണ്ട് കോടി തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്ന് പറഞ്ഞ മോദിയുടെ ഭരണത്തിൽ തൊഴിലില്ലായ്‌മ 45 വർഷത്തെ ഏറ്റവും വലിയ നിരക്കിലെത്തുകയാണ് ചെയ്തത്. മോദിയെന്ന ഏകാധിപതിയിൽ നിന്ന് ഇന്ത്യയെ വീണ്ടെടുക്കാനുള്ള സുവർണാവസരമാണ് ജനങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ബി.ജെ.പി സർക്കാരിനെതിരെ പ്രതിഷേധിക്കാനും പിണറായി സർക്കാരിനെ പാഠം പഠിപ്പിക്കാനുള്ള അവസരമായി ഈ തിരഞ്ഞെടുപ്പിനെ ഉപയോഗിക്കണമെന്നും ആന്റണി പറഞ്ഞു.
യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, പീതാംബരക്കുറുപ്പ്, പേരൂർക്കട സുദർശനൻ, ശാസ്തമംഗലം മോഹൻ, കരുമം സുന്ദരേശൻ തുടങ്ങിയവർ പങ്കെടുത്തു.