2016 ലെ ഇൻസോൾവെൻസി ആൻഡ് ബാങ്ക്റപ്റ്റ്സി (പാപ്പരത്ത) നിയമം നിലവിൽ വന്നതു മുതൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കാൻ പ്രാപ്തിയുണ്ടായിരുന്ന കിട്ടാകടങ്ങൾക്കു വലിയൊരളവു വരെ പരിഹാരം കാണാൻ ഗവൺമെന്റിനും റിസർവ് ബാങ്കിനും കഴിഞ്ഞിട്ടുണ്ട്.
140000 കോടിയിലധികമുണ്ടായിരുന്ന നിഷ്ക്രിയ ആസ്തികളിൽ ഗണ്യമായ കുറവുണ്ടാക്കാൻ നിയമത്തിന് കഴിഞ്ഞു. കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ സാമ്പത്തിക അച്ചടക്കമുണ്ടാക്കാനും വായ്പാദായകരുടെയും സാധന സേവന ദാതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും വലിയൊരളവു വരെ കഴിഞ്ഞിട്ടുണ്ട്.
എന്താണ് പാപ്പരത്ത നിയമം ?
ഏതൊരു സ്ഥാപനത്തിന്റെയും അടിത്തറ എന്നത് സ്ഥാപകരുടെ മൂലധന നിക്ഷേപവും ധനകാര്യസ്ഥാപനങ്ങളിൽനിന്നും സ്വരൂപിക്കപ്പെടുന്ന പണവുമാണ്. സ്ഥാപനത്തിന്റെ പൂർണമായ ഉടമസ്ഥാവകാശം ഉടമസ്ഥരിൽ നിക്ഷിപ്തമാകണമെങ്കിൽ ധനകാര്യസ്ഥാപനങ്ങളുടെ പണം കൃത്യമായി തിരിച്ചടയ്ക്കപ്പെടേണ്ടതുണ്ട്. എന്നാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് അവർ കടം നൽകിയിട്ടുള്ള സ്ഥാപനങ്ങളിന്മേൽ പരിമിതമായ നിയന്ത്രണങ്ങളെ ഉണ്ടായിരുന്നുള്ളൂ. കടം നൽകിയ പണത്തിന്റെ പൂർണ വിനിയോഗ ചുമതല സ്ഥാപന ഉടമകളിൽ നിക്ഷിപ്തമായതിനാൽ പണത്തിന്റെ കൃത്യതയില്ലാത്ത തിരിച്ചടവുകൾ ധനകാര്യ സ്ഥാപനത്തിന്റെ നിഷ്ക്രിയ ആസ്തി വർദ്ധിപ്പിക്കുന്നു. ഇങ്ങനെ സ്ഥാപനത്തിന്റെ നിലനിൽപ്പ് അപകടത്തിലാകുന്നു.
2016 ലെ ഇൻസോൾവെൻസി ആൻഡ് ബാങ്ക്റപ്റ്റ്സി(പാപ്പരത്ത) നിയമം നിലവിൽ വരുന്നതു വരെ കമ്പനികൾക്കും ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് (എൽ.എൽ.പി) കൾക്കും സാമ്പത്തിക സഹായം നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് തിരിച്ചടവിന്റെ തവണകളിൽ മുടക്കം വരുമ്പോഴും നിഷ്ക്രിയരായിരിക്കാനേ കഴിഞ്ഞുള്ളൂ. ഒാഹരിയുടമകൾ സ്ഥാപനങ്ങളുടെ ചുമതലകളിൽ തുടരുകയും അവയുടെ പതനത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. പണത്തിന്റെ തിരിച്ചടവ് മുടങ്ങുന്നതിലൂടെ സ്ഥാപനത്തിന്റെ വരുമാനം കുറയുകയും വിപണിമൂല്യം കുത്തനെ കുറയുകയും ചെയ്യുന്നു. മൂല്യത്തകർച്ച ധനകാര്യ സ്ഥാപനത്തിന് ഇൗടുനൽകിയിട്ടുള്ള ആസ്തികളുടെ മൂല്യത്തിൽ കുറവു വരുത്തും. അത് വീഴ്ചവന്ന കടബാദ്ധ്യത വീട്ടാൻ പര്യാപ്തമല്ലാതാവും. അങ്ങനെയാകുമ്പോൾ ആസ്തികുറഞ്ഞ സ്ഥാപനങ്ങൾക്കും തുടക്കക്കാർക്കും ധനസഹായം നൽകുന്നതിൽ നിന്നും ധനകാര്യസ്ഥാപനങ്ങൾ പിന്തിരിയും. സഹായം വൻകിട വ്യവസായങ്ങൾക്കും ആസ്തിയുള്ളവർക്കും മാത്രമായി ചുരുക്കാനും പ്രേരിപ്പിക്കും. ഇത് പുതിയ വ്യവസായം തുടങ്ങാനെത്തുന്നവരെ നിരുത്സാഹപ്പെടുത്താൻ സാദ്ധ്യതയേറെയാണ്. വായ്പ നൽകുന്ന സ്ഥാപനങ്ങളുടെ പരിമിതമായ അധികാരം, വീഴ്ചവരുത്തുന്ന സ്ഥാപനങ്ങളുടെ മുന്നോട്ടുള്ള പ്രവർത്തനത്തെ നിയന്ത്രിക്കാൻ പര്യാപ്തമല്ലാത്തതിനാൽ പണത്തിന്റെ ദുരുപയോഗവും മൂല്യശോഷണവും തടയാൻ ധനകാര്യ സ്ഥാപനങ്ങൾക്കാവുന്നില്ല.
പ്രശ്നങ്ങളും പരിഹാരവും
മേൽപ്പറഞ്ഞ പ്രശ്നങ്ങൾ കമ്പനികൾക്കും ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പുകൾക്കും നൽകുന്ന വായ്പയെ സംബന്ധിച്ചായിരുന്നെങ്കിലും പ്രൊപ്രൈറ്റർഷിപ്പ്, പാർട്ട്ണർഷിപ്പ്, വ്യക്തികൾ എന്നിവർക്കും പുതിയ നിയമം ബാധകമാണ്. സ്ഥാപനം തിരിച്ചടവിൽ പിഴവ് വരുത്തുമ്പോൾ മുൻപുണ്ടായിരുന്നു ഏക പരിഹാരം പ്രവർത്തനം മരവിപ്പിച്ച് ആസ്തികൾ വിറ്റഴിച്ച് കടബാദ്ധ്യത തീർക്കുക എന്നതായിരുന്നു. എന്നാൽ സ്ഥാപനം നിറുത്തലാക്കുന്നത് ജീവനക്കാരെയും ഒാഹരിയുടമകളെയും ഇടപാടുകാരെയും പ്രതികൂലമായി ബാധിക്കും. എല്ലാത്തിലുമുപരി മൂലധന നിക്ഷേപം ആത്യന്തികമായി തകരും.
പുതിയ ഇൻസോൾവെൻസി ആൻഡ് ബാങ്ക്റപ്റ്റ്സി (പാപ്പരത്ത) നിയമം നിയമപ്രകാരം കടബാദ്ധ്യതയുള്ള സ്ഥാപനത്തിന്റെ പ്രവർത്തനം തുടർന്നുകൊണ്ടു തന്നെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന രീതി വായ്പ നൽകിയവർക്ക് അവലംബിക്കാം. ഇൗ നിയമത്തിൽ വായ്പ നൽകിയവരെ, ധനകാര്യ വായ്പാദായകരെന്നും (ഫിനാൻഷ്യൽ ക്രെഡിറ്റർസ്) പ്രാവർത്തിക വായ്പാദായകരെന്നും (ഒാപ്പറേഷനൽ ക്രെഡിറ്റർസ്) തരംതിരിച്ചിരിക്കുന്നു. ബാങ്കുകൾ, ഇതര ധനകാര്യസ്ഥാപനങ്ങൾ, നിയമപരമായി പണം കടം നൽകിയിട്ടുള്ള വ്യക്തികളും സ്ഥാപനങ്ങളും, വീടുകളോ ഫ്ളാറ്റുകളോ വാങ്ങുന്നതിന് പണം നൽകിയിട്ടുള്ളവർ ധനകാര്യ വായ്പദായകരുടെ പരിധിയിലും സാധനങ്ങളുടെയും സേവനങ്ങളുടെയും (ഗുഡ്സ് ആൻഡ് സർവീസ് പ്രൊവൈഡേഴ്സ്) പ്രാവർത്തിക വായ്പാദായകരുടെ പരിധിയിലും വരുന്നു.
ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കമ്പനിയോ ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പോ അവരുടെ ഒരു ലക്ഷത്തിന് മുകളിലുള്ള ധനകാര്യ സംബന്ധമായതോ പ്രാവർത്തിക സംബന്ധമായതോ ആയ വായ്പയിൽ വീഴ്ച വരുത്തുന്നപക്ഷം ദായകർക്ക് ഇൻസോൾവെൻസി ആൻഡ് ബാങ്ക്റപ്റ്റ്സി (പാപ്പരത്ത) നിയമത്തിന്റെ പരിരക്ഷ തേടിക്കൊണ്ട് വീഴ്ചവന്ന പണം തിരികെ നേടാനുള്ള നിയമനടപടി സ്വീകരിക്കാം. വ്യക്തികൾക്കും പാർട്ട്ണർഷിപ്പുകൾക്കും ഇൗ പരിധി വെറും ആയിരം രൂപയാണ്. എന്നാൽ നിയമം പ്രാബല്യത്തിലായിട്ടില്ല.
തിരിച്ചടവിൽ പിഴവ് വരുത്തുന്ന പക്ഷം ദായകർക്ക് പാപ്പരത്ത പരിഹാര നടപടികൾ (റെസൊല്യൂഷൻ പ്രോസസ്) ആരംഭിക്കാം. നടപടി ആരംഭിക്കാനുള്ള അപേക്ഷ സമർപ്പിക്കേണ്ടത് നാഷണൽ കമ്പനി ലാ ട്രിബ്യൂണലിനാണ് (എൻ.സി.എൽ.ടി). സമർപ്പിക്കുന്ന അപേക്ഷ പൂർണമാണെങ്കിൽ എൻ.സി.എൽ.ടി പരിഹാര നടപടികൾ ആരംഭിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും നടത്തിപ്പിലേക്കായി ഒരു ക്വാളിഫൈഡ് ഇൻസോൾവെൻസി പ്രൊഫഷനലിനെ ചുമതലപ്പെടുത്തുകയും ചെയ്യും. പാപ്പരത്ത പരിഹാര നടപടികൾ 180 ദിന പരിപാടിയാണ്. 180 ദിവസങ്ങൾക്കുള്ളിൽ സ്ഥാപനത്തിന്റെ മുഴുവൻ കടബാദ്ധ്യത ഏറ്റെടുത്ത് നടത്തിക്കൊണ്ടുപോകാൻ ആഗ്രഹമുള്ളവർക്ക് അതിനുള്ള പ്രമേയം (റെസൊല്യൂഷൻ പ്ളാൻ ) ഇൻസോൾവെൻസി പ്രൊഫഷണൽ മുൻപാകെ സമർപ്പിക്കാം. ധനകാര്യ വായ്പാദായകരുടെ (ഫിനാൻഷ്യൽ ക്രെഡിറ്റർസ്) കമ്മിറ്റി അംഗീകരിച്ച പ്രമേയം നാഷണൽ കമ്പനി ലാ ട്രിബ്യൂണലിനു മുൻപാകെ സമർപ്പിക്കുന്നു. എൻ.സി.എൽ.ടി പ്രമേയം അംഗീകരിച്ചാൽ സ്ഥാപനത്തിന്റെ കടബാധ്യത ഏറ്റെടുക്കാനും നടത്തിക്കൊണ്ടുപോകാനും പ്രമേയം സമർപ്പിച്ചയാൾ ബാധ്യസ്ഥനാണ്. അപ്പോൾ സ്ഥാപന ഉടമകൾ പുതിയ ഭരണസമിതിക്ക് മാറികൊടുക്കണം. സ്ഥാപനത്തിന്റെ നടത്തിപ്പിനോ ഇടപാടുകൾക്കോ യാതൊരു തടസവുമുണ്ടാവുകയുമില്ല. 180 ദിവസങ്ങൾക്കുള്ളിൽ അനുയോജ്യമായ ഏറ്റെടുക്കൽ പ്രമേയങ്ങൾ ലഭിക്കാത്തപക്ഷം സ്ഥാപനം പാപ്പരായതായി കണക്കാക്കി പ്രവർത്തനം പൂർണമായി നിറുത്താൻ എൻ.സി.എൽ.ടി ഉത്തരവ് പുറപ്പെടുവിച്ച് സ്ഥാപനത്തിന്റെ മൊത്തം വസ്തുവകകൾ കണ്ടുകെട്ടി വിറ്റഴിച്ച് കടബാദ്ധ്യതകൾ തീർക്കാൻ ഇൻസോൾവെൻസി പ്രൊഫെഷലിനെ ചുമതലപ്പെടുത്തും. രണ്ടുവർഷത്തിനുള്ളിൽ വിറ്റഴിക്കൽ നിർവഹിച്ച് ബാദ്ധ്യത തീർക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളേണ്ട ചുമതല ലിക്വിഡേറ്റർക്കാണ്.
നിയമത്തിന്റെ ഗുണങ്ങൾ
1. വേഗത്തിലുള്ള നടപടികൾ സ്ഥാപനത്തിന്റെ ആസ്തിയുടെയോ ബിസിനസിന്റെയോ മൂല്യശോഷണം സംഭവിക്കാതിരിക്കാൻ കാരണമാകുന്നു.
2. സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല.
3. ജീവനക്കാരുടെയും തൊഴിലാളികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു.
4. ഇൻസോൾവെൻസി പ്രൊഫഷണൽ സ്ഥാപനത്തിന്റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നു.
5. നടപടികളുടെ പൂർണമായ മേൽനോട്ടം നാഷണൽ കമ്പനി ലാ ബോർഡിനാകയാൽ നിയമപരിരക്ഷ ഉറപ്പുവരുത്തുന്നു.
6. പാപ്പരത്ത പരിഹാര നടപടികൾ നടക്കുന്ന 180 ദിവസങ്ങളിൽ മൊറൊട്ടോറിയം പ്രഖ്യാപിക്കുന്നതിനാൽ നിയമനടപടികകൾ ഒന്നും സ്ഥാപനത്തിന്റെ പേരിലുണ്ടാകുന്നില്ല.
വ്യക്തികൾക്കെതിരെയുള്ള നടപടിക്രമങ്ങൾ കുറച്ചുകൂടി ലളിതമാണ്. വ്യക്തിക്ക് കടബാധ്യതകളിൽനിന്നും പൂർണ മുക്തി നേടി പുതിയൊരു തുടക്കം (ഫ്രഷ് സ്റ്റാർട്ട് ) കുറിക്കാനുള്ള അവസരം നിയമം ഉറപ്പ് നൽകുന്നു. എല്ലാ വ്യവസായസംരംഭങ്ങളും പദ്ധതികളും വിജയമാകണമെന്നില്ല. പരാജയപ്പെടുന്ന വ്യവസായങ്ങളെല്ലാം മോശവുമല്ല. ചില പരാജയങ്ങൾ സാമ്പത്തിക ചംക്രമണത്തിന്റെ പ്രതിഫലനങ്ങളാകാം. അങ്ങനെയുള്ള അവസ്ഥകളിൽ എത്രയും വേഗം വായ്പാദായകരുമായി അനുയോജ്യമായ വ്യവസ്ഥകളിൽ എത്തിച്ചേരുന്നതാണ് സ്ഥാപനത്തിന്റെ നിലനില്പിന് അഭികാമ്യം. രാജ്യം വികസനത്തിന്റെ നാൾവഴികൾ തേടുമ്പോൾ അതിനുതകുന്ന നിയമങ്ങൾ നമുക്കാവശ്യമാണ്. ഇൻസോൾവെൻസി ആൻഡ് ബാങ്ക്റപ്റ്റ്സി (പാപ്പരത്ത) നിയമം അത്തരത്തിലൊന്നാണ്. അത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയും അച്ചടക്കവും മെച്ചപ്പെടുത്തുമെന്നതിൽ സംശയമില്ല.
(ലേഖകൻ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസോൾവെൻസി പ്രൊഫെഷനലും കമ്പനി സെക്രട്ടറിയുമാണ്)