pk-krishna-das

തിരുവനന്തപുരം: പ്രചാരണത്തിന്റെ അവസാനഘട്ടമെത്തിയപ്പോൾ മുഖ്യമന്ത്രിക്ക് സമനില നഷ്ടപ്പെട്ടുവെന്നും വിശ്വാസികളുടെ ഭാഗത്തു നിന്നും കനത്ത തിരിച്ചടി എൽ.ഡി.എഫിനുണ്ടാകും എന്ന ബോധ്യത്തിൽ നിന്നാണ് ഇത്തരത്തിൽ അദ്ദേഹം പെരുമാറുന്നതെന്നും എൻ.ഡി.എ സംസ്ഥാന കൺവീനർ പി.കെ.കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞതെല്ലാം പച്ചക്കള്ളവും പദവിക്ക് യോജിക്കാത്തതുമാണ്. ശബരിമലയെ കലാപഭൂമിയാക്കാൻ ശ്രമിച്ചതിനാണ് 35,000ത്തോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ നാമം ജപിച്ചു എന്നത് മാത്രമാണ് അവർ ചെയ്ത തെറ്റ്. കാട്ടാക്കടയിൽ ശരണമന്ത്രം കേട്ടപ്പോൾ മുഖ്യമന്തി അസ്വസ്ഥനായി. ബാങ്ക് വിളിക്കുമ്പോൾ പ്രസംഗം നിറുത്തുന്ന മുഖ്യമന്ത്രിക്ക് ശരണമന്ത്രം കേൾക്കുമ്പോൾ കാത്തിരിക്കാനാകുന്നില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ വരവോടെ കോൺഗ്രസ്-സി.പി.എം സഖ്യം മറനീക്കി പുറത്തുവന്നതാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എൽ.ഡി.എഫ് ശ്രമിക്കുന്നതിന്റെ തെളിവാണ് ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ കണ്ടെത്തിയ ക്രമക്കേട്. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പി.എസ്.ശ്രീധരൻ പിള്ളയെ ഇരട്ടത്താപ്പുകാരനെന്ന് വിമർശിച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ചട്ടലംഘനമാണ് നടത്തിയത്. അദ്ദേഹത്തിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും കൃഷ്ണദാസ് പറഞ്ഞു.