ആറ്റിങ്ങൽ: ജനാധിപത്യം സംരക്ഷിണമെന്ന ചിന്തയോടെ വേണം വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പോകേണ്ടതെന്നും മതേതര സംസ്കാരമാണ് ഭാരതത്തിന്റെ മുതൽക്കൂട്ടെന്ന് ചിന്തിച്ചു വേണം വോട്ടു ചെയ്യാനെന്നും എ.കെ. ആന്റണി പറഞ്ഞു.ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആറ്റിങ്ങൽ കച്ചേരി നടയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ചു വർഷം ഭാരതത്തിൽ എന്താണ് നടന്നതെന്ന് ചിന്തിക്കുന്ന ഓരോ വ്യക്തിക്കും മനസിലാകും. ഇവിടം ജാതി മത വൈരത്തിന്റെ വിളനിലമായി. അതുകൊണ്ട് മോദി സർക്കാരിനെ താഴേ ഇറക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അതുപോലെ എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് അധികാരത്തിൽ വന്ന് വിശ്വാസത്തെയും ആചാരങ്ങളെയും തകർക്കാൻ ശ്രമിക്കുകയും കൊലപാതകം കൊണ്ട് നാടിനെ നടുക്കുകയും ചെയ്യുന്ന പിണറായി സർക്കാരിന് ഇതല്ല നമ്മൾ ആഗ്രഹിക്കുന്നതെന്ന് മുന്നറിയിപ്പ് നൽകാനുമുള്ള ജനത്തിന്റെ അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
കരകുളം കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി അടൂർ പ്രകാശ്, എൻ. പീതാംബര കുറുപ്പ്, നെയ്യാറ്റിൻകര സനൽ, വർക്കല കഹാർ, രമണി. പി.നായർ, എച്ച്.പി. ഷാജി, കിളിമാനൂർ സുദർശനൻ, അഡ്വ. വി. ജയകുമാർ, പി. ഉണ്ണികൃഷ്ണൻ, വി.എസ്. അജിത് കുമാർ, അംബിരാജ, ഗംഗാധര തിലകൻ, വിശ്വനാഥൻ നായർ തുടങ്ങിയവർ സംസാരിച്ചു.