pinarayi-vijayan

തിരുവനന്തപുരം: മതേതര ജനാധിപത്യ ഇന്ത്യ എന്ന സങ്കൽപ്പം നിലനിർത്താൻ ലോക് സഭാ തിരഞ്ഞെടുപ്പിൽ നാം സ്വീകരിക്കുന്ന നിലപാടുകൾക്ക് വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു.

ന്യൂനപക്ഷങ്ങൾ, ദളിതർ,ആദിവാസികൾ, കർഷകർ, തൊഴിലാളികൾ, വിദ്യാർത്ഥികൾ, എഴുത്തുകാർ, സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗങ്ങളും ബി.ജെ.പി ഭരണത്തിന്റെ ദുരന്തം അനുഭവിച്ചവരാണ്. ജാതി - മത - ലിംഗ - വർഗ - വർണ്ണ ഭേദങ്ങൾക്കും ഭാഷയുടെയും പ്രദേശത്തിന്റെയും വ്യത്യാസങ്ങൾക്കും അതീതമായി ഇന്ത്യ എല്ലാവരുടേതുമാണെന്നും എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നും ഉറപ്പാക്കാൻ ഈ തെരഞ്ഞെടുപ്പ് പ്രധാനമാണ്. ഇവിടെ വീഴ്ച വന്നാൽ ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത നഷ്ടങ്ങളാവും രാജ്യത്തിനും ജനങ്ങൾക്കും ഉണ്ടാവുക. ഈ ഉത്തരവാദിത്വ ബോധത്തോടെയാവും ജനങ്ങൾ ഇക്കുറി വോട്ടുചെയ്യുക. അടുത്ത അഞ്ചു വർഷം ഇന്ത്യൻ ജനാധിപത്യം ഏതു ദിശയിൽ നീങ്ങണമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പിൽ ആ ഉത്തരവാദിത്വം നാം നിറവേ​റ്റണം.

സംസ്ഥാനങ്ങളുടെ അവകാശപ്പോരാട്ടങ്ങൾക്ക് ഉണർവേകുന്ന ദേശീയ മതേതര ബദലാണ് രാജ്യത്ത് ഇനി അധികാരത്തിൽ വരുന്നത്. അതിൽ ഇടതുപക്ഷത്തിന്റെ പങ്ക് തെളിയിക്കപ്പെട്ടതാണ്. ബി.ജെ.പിയിൽ നിന്ന് വ്യത്യസ്തമായ എന്തു നിലപാടാണ് കോൺഗ്രസിനുള്ളത്? കേരളത്തിന് ന്യായമായ കേന്ദ്ര നികുതി വിഹിതം ലഭിക്കണം. ഇതര സംസ്ഥാനങ്ങൾക്കുള്ള സ്‌പെഷ്യൽ പാക്കേജ് അടക്കം കേരളത്തിനും ലഭിക്കണം. ഇവിടത്തെ റബറും വെളിച്ചെണ്ണയും കെട്ടിക്കിടക്കാനും ഇറക്കുമതി റബറും പാമോയിലും കമ്പോളം കീഴടക്കാനും കാരണമായ ഇറക്കുമതി നയം തിരുത്തണം. നാണ്യവിളകൾക്കും തോട്ടവിളകൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും ന്യായവില കിട്ടണമെന്നും മുഖ്യമന്ത്രി പ്രസ്‌താവനയിൽ പറഞ്ഞു..