muttappalammarkatt

മുടപുരം: വികസനം കാത്ത് മുട്ടപ്പലം മാർക്കറ്റ് ജംഗ്ഷൻ. മൂന്ന് റോഡുകൾ സന്ധിക്കുന്ന ഈ ജംഗ്ഷനിൽ ഇന്നും വികസനം അകലെയാണ്. പൊതു വിതരണ കേന്ദ്രം, അംഗൻവാടി, ഹിന്ദി പ്രചാരസഭ, മെഡിക്കൽ സ്റ്റോർ, സ്റ്റുഡിയോ, സ്റ്റേഷനറി, പലചരക്ക് കടകൾ, ബേക്കറികൾ, ബാർബർ ഷോപ്പുകൾ, തയ്യൽ കടകൾ, ചായക്കടകൾ, ലോട്ടറി കടകൾ തുടങ്ങിയവയ്ക്ക് പുറമെ അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്കും ഇവിടെയാണ് പ്രവർത്തിക്കുന്നത്. മാർക്കറ്റിൽ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ പലതും ജീർണാവസ്ഥയിലാണ്.

ചുവരുകൾ പൊട്ടിപ്പൊളിഞ്ഞ്, കോൺക്രീറ്റ് ഇളകി കെട്ടിടം ചോർന്നൊലിക്കുന്ന അവസ്ഥയിലാണുള്ളത്. കെട്ടിടം പൊളിച്ചു മാറ്റി പുതിയ ഷോപ്പിംഗ് കോംപ്ലക്സും ഒപ്പം മാർക്കറ്റിനകത്ത് ആധുനിക രീതിയിലുള്ള മത്സ്യ മാർക്കറ്റും നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കെ.എസ്.ആർ.ടി.സി ബസുകളും, സ്വകാര്യ ബസുകളും ഇതുവഴി സർവീസ് നടത്തുന്നുണ്ട്. കൂടാതെ, ആട്ടോ -ടാക്സി സ്റ്റാൻഡും ഉണ്ട്. നൂറ്‌ കണക്കിന് യാത്രക്കാർ എത്തിച്ചേരുന്ന ഈ ജംഗ്‌ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം കാലപ്പഴക്കം മൂലം നിലം പതിക്കാറായിട്ട് വർഷങ്ങളായി.പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാമെന്ന് എം.എൽ.എ ഉറപ്പ് നൽകിയെങ്കിലും ഇനിയും പണി തുടങ്ങിയിട്ടില്ല. കൂടാതെ അക്ഷയ കേന്ദ്രമോ ജനസേവന കേന്ദ്രമോ ഇവിടെ ഇല്ലാത്തത് നാട്ടുകാരെ പ്രയാസപ്പെടുത്തുന്നുണ്ട്. ഇതിനായി നാട്ടുകാർക്ക് മുടപുരത്തോ പെരുങ്ങുഴിയിലോ അഴൂരോ പോകേണ്ട അവസ്ഥയാണ്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് അഴൂർ - ശാസ്തവട്ടം റോഡ് ആധുനിക രീതിയിൽ റീ- ടാർ ചെയ്തെങ്കിലും ദിശാ ബോർഡുകൾ സ്ഥാപിക്കാത്തത് ദൂരദേശത്ത് നിന്ന് വാഹനത്തിൽ വരുന്ന യാത്രക്കാരെ അലട്ടുന്നു. നാല് റോഡുകൾ ഒത്തുകൂടുന്ന ഈ ജംഗ്‌ഷനിൽ എത്തുന്നവർക്ക് വാഹനം നിർത്തി ആരോടെങ്കിലും വഴിചോദിച്ചു മാത്രമേ കടന്നു പോകാൻ കഴിയൂ. ഇതിന് പുറമെ മാർക്കറ്റിൽ പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുമ്പോൾ ജംഗ്‌ഷനിലൂടെ വാഹനങ്ങൾ സൗകര്യ പൂർവം യാത്ര ചെയ്യാവുന്ന തരത്തിൽ നിർമ്മിക്കണമെന്നും പുതിയ ട്രാഫിക് ഐലൻഡ്‌ നിർമ്മിക്കണമെന്നും ജംഗ്ഷൻ ആധുനിക രീതിയിൽ പുതുക്കി പണിയാൻ ജനപ്രതിനിധികൾ മുൻകൈയ്യെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.