തിരുവനന്തപുരം: അയൽവാസികൾ വഴിനടക്കാൻ അനുവദിക്കുന്നില്ലെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയ അദ്ധ്യാപികയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂജപ്പുര തമലം അയിര നഗറിൽ ഗായത്രി ഭവനിൽ രമേശിന്റെ ഭാര്യ ആശയെയാണ് (34)​ ഇന്നലെ രാവിലെയോടെ മരിച്ച നിലയിൽ കണ്ടത്. സംഭവം നടക്കുമ്പോൾ ഭർത്താവും മക്കളുമാണ് വീട്ടിലുണ്ടായിരുന്നതെന്ന് കരമന പൊലീസ് പറയുന്നു.

കഴിഞ്ഞ ആറ്റുകാൽ പൊങ്കാലയുടെ സമയത്ത് തന്റെ വീടിന് സമീപം കരമന അംബേദ്കർ കോളനിയിലെ നാലുപേർ ചേർന്ന് കൊണ്ടിട്ട പടക്കം എടുത്തുമാറ്റിയതിന്റെ വൈരാഗ്യത്തിൽ , അവർ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും വഴിനടക്കാൻ കഴിയാത്ത വിധം അസഭ്യം പറയുന്നുവെന്നും കാണിച്ച് കഴിഞ്ഞ മാർച്ച് 22ന് ആശ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയിരുന്നു. കരമന പൊലീസിലും പരാതി നൽകിയെങ്കിലും കേസെടുത്തില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തെത്തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു ആശയെന്നും ബന്ധുക്കൾ പറയുന്നു. തിരുവനന്തപുരം നഗരസഭയിൽ നിന്ന് താൽകാലികാടിസ്ഥാനത്തിൽ നഗരത്തിലെ സ്കൂളുകളിൽ കായികാദ്ധ്യാപികയായി ജോലി ചെയ്യുകയായിരുന്നു ആശ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.വൃന്ദ,​ വൈഷ്ണവ് എന്നിവർ മക്കൾ.