ramesh-chennithala

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമെത്തിയതോടെ സംസ്ഥാനത്ത് ഇടതുമുന്നണിക്കും ബി.ജെ.പിക്കും പരാജയം ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇടതുമുന്നണി പരാജയം സമ്മതിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മളനം ഇതിനു തെളിവാണ്. സംസ്ഥാനത്ത് യു.ഡി.എഫും ബി.ജെ.പിയും പരസ്പരം സഹായിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് തോൽവി മുന്നിൽകണ്ടുള്ള മുൻകൂർ ജാമ്യം എടുക്കലാണ്. ബി.ജെ.പിയെ സഹായിക്കുന്നത് സി.പി.എം ആണ്.

പിണറായി സർക്കാർ അധികാരമേറ്റശേഷം ബി.ജെ.പിയെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് ഇടതുമുന്നണി സ്വീകരിച്ചത്. കുമ്മനത്തെ നാടുകടത്തിയശേഷം ഒരു പാർട്ടി പ്രസിഡന്റിനെ പോലും കണ്ടെത്താൻ കഴിയാതെ ഗ്രൂപ്പ് വഴക്കിൽ ഛിന്നഭിന്നമായി നിൽക്കുകയായിരുന്നു ബി.ജെ.പി. സംസ്ഥാന രാഷ്ട്രീയത്തിൽതന്നെ അപ്രസക്തമായി മാറിയിരുന്ന ബി.ജെ.പിയെ ശക്തിപ്പെടുത്തിയത് പിണറായി വിജയന്റെ ശബരിമല വിഷയത്തിലെ തെറ്റായ നിലപാടാണ്.കേരളത്തിൽ വർഗീയതയുടെ വിഷം ചീറ്റാൻ സംഘപരിവാറിന് അവസരം ഉണ്ടാക്കിക്കൊടുത്തതിനു പിണറായി മറുപടി പറയണം. നിയമസഭയിൽ ബി.ജെ.പി അക്കൗണ്ട് തുറന്നത് കോൺഗ്രസ് സഹായത്തോടെയാണെന്നാണ് പിണറായിയുടെ കണ്ടെത്തൽ. അത് സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു. എൻ.ഡി.എയിലേക്കുള്ള ട്രെയിനിംഗ് സെന്ററാണ് ഇടതുമുന്നണിയെന്നും ചെന്നിത്തല പറഞ്ഞു. പച്ചയായ വർഗീയതയിലൂടെ വോട്ട് പിടിക്കാൻ കഴിയുമോ എന്ന അവസാന ശ്രമത്തിലാണ് ബി.ജെ.പിയെന്നും ചെന്നിത്തല ആരോപിച്ചു.