തിരുവനന്തപുരം: ആനകളുടെ കുറവു മാത്രമെ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം കുടമാറ്റത്തെ വെല്ലുന്ന രീതിയിലായിരുന്നു. തിരഞ്ഞെടുപ്പ് ആഘോഷത്തിന്റെ കൊട്ടിക്കലാശത്തിന് തൃശൂർപൂരത്തിന്റെ പൊലിമ പകർന്നു നൽകുകയായിരുന്നു മൂന്നു മുന്നണികളും. വടക്കുംനാഥന്റെ മുന്നിൽ ഇരുവശത്തും അണിനിരക്കുന്ന പാറമേക്കാവ്, തിരുവമ്പാടി വിഭാഗം കുടമാറ്റം നടത്തുന്നതുപോലെയായിരുന്നു പേരൂർക്കട ജംഗ്ഷനിലെ കാഴ്ച. മൂന്നു വശങ്ങളിലായി എൽ.ഡി.എഫ്, യു.‌ഡി.എഫ്, എൻ.ഡി.എ പ്രവർത്തകർ പ്രകടനം നടത്തി. ആദ്യ സസ്‌പെൻസ് എൻ.ഡി.എയുടെ വകയായിരുന്നു. അവർ ഉത്സവത്തിനുപയോഗിക്കുന്ന മാതൃകയിൽ മോദിയുടെ പൂർണകായ രൂപമെത്തിച്ചു. ഇരുവശത്തും സിംഹങ്ങളുടെ രൂപവും. തലയും കൈയ്യും ആട്ടുന്ന മോദി രൂപം അവതരിപ്പിച്ച് ചുറ്റും കൂടി നൃത്തം ചെയ്യുകയായിരുന്നു പ്രവർത്തകർ. അടുത്ത ഊഴം കോൺഗ്രസിന്റേതായിരുന്നു. കൈപ്പത്തിയുടെ കൂറ്റൻ കട്ടൗട്ടുകൾ ഉയർത്തിക്കാട്ടി അവർ ചുവടുവച്ചു. റോഡിന്റെ രണ്ടുവശത്തു നിന്നും ഒഴുകിയെത്തിയ എൽ‌.ഡി.എഫ് പ്രവർത്തകർ അരിവാൾ നെൽക്കതിർ ചിഹ്നം വരച്ചു ചേർത്ത കൂറ്റൻ ബോർഡുകൾ ഉയർത്തി മറുപടി നൽകി. ചുവന്ന ബലൂണുകൾ കൂട്ടിക്കെട്ടി വാനോളം ഉയർത്തി എൽ.ഡി.എഫ് പ്രവർത്തകരുടെ ആവേശം. മറുപടിയുമായി കുങ്കുമവും പച്ചയും കലർന്ന ബലൂണുകൾ കൂട്ടിക്കെട്ടി പരസ്യബോർഡിന്റെ മുകളിലേക്ക് വലിഞ്ഞുകയറി ബി.ജെ.പി പ്രവർത്തകർ. കോൺഗ്രസ് പ്രവർത്തകരാകട്ടെ ജംഗ്ഷനിലെ വിളക്കു മരത്തിനു മുകളിൽ മൂവർണത്തിലെ ബലൂണുകൾ കെട്ടി. ശശി തരൂരിന്റെ ചിത്രങ്ങൾ ഉയർത്തിക്കാട്ടി കോൺഗ്രസ് പ്രവർത്തകരുടെ ‌ഡാൻസ്. കുമ്മനം രാജശേഖരന്റെ കട്ടൗട്ടുകൾ ഉയർത്തിപ്പിടിച്ച് എൻ.ഡി.എ പ്രവർത്തകർ ചുവടുവച്ചു. സി. ദിവാകരനെ ആഘോഷമായി എത്തിച്ചാണ് എൽ.ഡി.എഫ് പ്രവർത്തകർ കണക്കുതീർത്തത്. മുൻ മന്ത്രി എം. വിജയകുമാറും ഒപ്പമെത്തി. പകരം സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയെ ബി.ജെ.പി പ്രവർത്തകർ രംഗത്തിറക്കി. സിനിമാ സംവിധായകൻ രാജസേനനും ഒപ്പമെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിയതോടെ യു.ഡി.എഫ് ആവേശം ഇരട്ടിച്ചു. സ്ത്രികളുടെ കോൽക്കളിയും നാടോടിനൃത്തവുമായി യു.‌ഡി.എഫ് രംഗം കുറച്ചുകൂടി കൊഴുപ്പിച്ചു. എൽ.ഡി.എഫ് പ്രവർത്തകരും വിട്ടുകൊടുത്തില്ല, യുവാക്കൾ വാഹനങ്ങൾക്കു മുകളിൽ നൃത്തംചവിട്ടി. അപ്പുറത്ത് എൻ.ഡി.എ പ്രവർത്തകരും ആർപ്പുവിളിച്ചു. ബി.ജെ.പി നേതാവ് വി.വി. രാജേഷ് വാഹനത്തിന് മുകളിൽ കയറി മോദിയുടെ രൂപത്തിൽ പാലഭിഷേകം നടത്തി. കോൺഗ്രസ് പ്രവർത്തകരും വിട്ടുകൊടുത്തില്ല, പത്തു കവർ പാൽ വാങ്ങി ശശി തരൂരിന്റെ കട്ടൗട്ടിൽ അഭിഷേകം നടത്തി. എൽ.ഡി.എഫുകാർ അതിനൊന്നും മുതിർന്നില്ല, ചുവന്നചായം വാരി വിതറി മുഖത്തൊക്കെ പൂശിത്തിമിർത്തു. വൈകിട്ട് മൂന്നു മുതൽ മേളം തുടങ്ങിയിരുന്നു. ബി.ജെ.പിക്കൊപ്പം ബി.ഡി.ജെ.എസ്, ജനപക്ഷം പ്രവർത്തകരെത്തിയപ്പോൾ ആവേശം ഇരട്ടിച്ചു. എൽ.ഡി.എഫിനൊപ്പം ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകരും യു.ഡി.എഫിനൊപ്പം മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരും ആവേശം കൂട്ടാനെത്തി. ജംഗ്ഷനിൽ റോഡിന്റെ ഇരുവശത്തുമായി യു.ഡി.എഫ് പ്രവർത്തകർ അണിനിരന്നപ്പോൾ അമ്പലമുക്ക് റോഡ് ആരംഭിക്കുന്നിടത്താണ് എൻ.ഡി.എ പ്രവർത്തകർ നിലയുറപ്പിച്ചത്. ഇവർക്കിടയിൽ പൊലീസ് നിലയുറപ്പിച്ചു. അവസാന നിമിഷങ്ങളിൽ ഉറഞ്ഞുതുള്ളുകയായിരുന്നു പ്രവർത്തകർ. ആറായപ്പോൾ വിസിലടിച്ച് പ്രവർത്തകരുടെ ഇടയിലേക്ക് പൊലീസെത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന്റെ സമാപനത്തിന് പേരൂർക്കട തന്നെ വേദിയായപ്പോൾ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പ്രചാരണം അവസാനിപ്പിച്ചത് പഴവങ്ങാടി മഹാഗണപതി ക്ഷേത്രനടയിലായിരുന്നു. എ.കെ. ആന്റണിക്കൊപ്പം പൂന്തുറയിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി‌ ‌ഡോ. ശശി തരൂർ പ്രചാരണം അവസാനിപ്പിച്ചത്.