കഴക്കൂട്ടം: കഴക്കൂട്ടത്തെ കൊട്ടിക്കലാശത്തിനിടെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ പ്രചാരണ വാഹനത്തിന് നേരെ ചെരിപ്പേറ്. ഇതേ തുടർന്ന് സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഇന്നലെ വൈകിട്ടോടെ കുമ്മനം പ്രവർത്തകരോടൊപ്പം പ്രചാരണ വാഹനത്തിൽ കഴക്കൂട്ടം ജംഗ്ഷനിലെത്തിയപ്പോൾ എൽ.ഡി.എഫ് - ബി.ജെ.പി പ്രവർത്തകർ മുഖാമുഖമെത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതിനിടെ കുമ്മനത്തിന്റെ വാഹനത്തിന് നേരെ സി.പി.എം പ്രവർത്തകർ കൊടിയും ചെരുപ്പും വലിച്ചെറിഞ്ഞെന്നാണ് ബി.ജെ.പിയുടെ ആരോപണം. സംഘർഷത്തിനിടെ ബി.ജെ.പിക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. എന്നാൽ എൽ.ഡി.എഫിന്റെ ഭാഗത്ത് നിന്നും അത്തരം നടപടി ഉണ്ടായില്ലെന്ന് കഴക്കൂട്ടം മണ്ഡലം ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ വി.എസ്. പത്മകുമാർ അറിയിച്ചു. കൊട്ടിക്കലാശത്തിൽ ദേശീയപാതയിലെയും ബൈപാസിലെയും ഗതാഗതം മൂന്നുമണിക്കൂർ തടസപ്പെട്ടു.