antoney

ആന്റണിയെ അപഹസിച്ചതിൽ വ്യാപക പ്രതിഷേധം

തിരുവനന്തപുരം : മുൻമുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായ എ.കെ.ആന്റണിയുടെ റോഡ് ഷോ ഇടതുമുന്നണി അനുകൂലികൾ ബലമായി തടഞ്ഞതും അദ്ദേഹത്തെയും സ്ഥാനാർത്ഥി ശശി തരൂരിനെയും നടക്കാൻ പോലും അനുവദിക്കാത്ത വിധത്തിൽ ഉന്തും തള്ളും സ‌ൃഷ്ടിച്ച് പ്രകോപനമുണ്ടാക്കിയതും പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് കളങ്കമായി. രാജ്യത്തെ തന്നെ ഉന്നത നേതാവായ ആന്റണിയെ അപഹസിക്കുന്നിടത്തോളം എത്തിയ പെരുമാറ്റത്തിൽ വ്യാപകമായ പ്രതിഷേധം ഉയ‌ർന്നു.

തടഞ്ഞതിനെ തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങി നടക്കാൻ ശ്രമിച്ച ആന്റണിക്കെതിരെ കൈയേറ്റശ്രമം ഉണ്ടായതായും പരാതിയുണ്ട്. തിക്കിലും തിരക്കിലും പല തവണ ബാലൻസ് തെറ്റിയ 78കാരനായ ആന്റണിയെ കോൺഗ്രസ് പ്രവർത്തകർ വലയം തീർത്താണ് വീഴാതെ കാത്തത്. നടക്കുന്നിടത്തെല്ലാം കൂക്കുവിളിച്ചും മുദ്രാവാക്യം വിളിച്ചും ഡാൻസ് ചെയ്തും ഇടതുമുന്നണി പ്രവർത്തകർ അപഹസിക്കുകയും ചെയ്‌തതോടെ ആന്റണി ആകെ വിഷാദവാനായാണ് കാണപ്പെട്ടത്.

തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ പ്രചാരണത്തിന് സമാപനം കുറിച്ച് തീരദേശമേഖലയിലെ വേളിയിൽ നിന്ന് പര്യടനത്തിന് ഒരുങ്ങുമ്പോഴാണ് ഇടത് പ്രവർത്തകർ തടഞ്ഞ് സംഘർഷം സൃഷ്ടിച്ചത്.
ന്യൂനപക്ഷ സമുദായങ്ങൾ തിങ്ങിപാർക്കുന്ന വേളി,പൂന്തുറ,വലിയതുറ,ബീമാപള്ളി മേഖലകളിൽ എല്ലാ തിരഞ്ഞെടുപ്പിലും എ.കെ.ആന്റണിയുടെ റോഡ് ഷോ പതിവാണ്. യു.ഡി.എഫിന് വോട്ടുറപ്പിക്കുന്ന ഫലപ്രദമായ നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇന്നലെ വൈകിട്ട്നാലുമണിയോടെയാണ് എ.കെ.ആന്റണിയും ശശിതരൂരും വേളി ജംഗ്ഷനിലെ മാധവപുരത്ത് തുറന്ന വാഹനത്തിൽ എത്തിയത്.സ്ഥലംഎം.എൽ.എവി.എസ്.

ശിവകുമാർ,

ഡി.സി.സി.പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ശരത് ചന്ദ്രപ്രസാദ് തുടങ്ങിയ വരും എത്തിയിരുന്നു. ആന്റണിയെ സ്വീകരിക്കാൻ പ്രാദേശിക നേതാക്കളും ബൈക്ക് റാലി സംഘവും എത്തിയിരുന്നു. ശാരീരിക സുഖമില്ലാത്തതിനാൽ ആന്റണി വാഹനത്തിൽ നിന്ന് ഇറങ്ങില്ലെന്നും അധികം സംസാരിക്കില്ലെന്നും ശരത്ചന്ദ്രപ്രസാദ് അറിയിച്ചു. തുടർന്ന് റോഡ് ഷോ മാധവപുരം ശ്രീദുർഗ്ഗാഭഗവതി ക്ഷേത്രത്തിന് മുന്നിൽ നിന്ന് തുടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി നിരവധി ബൈക്കുകളിൽ ഇടത് പ്രവർത്തകർ കുതിച്ചെത്തി റോഡ് മുഴുവൻ ഉപരോധിച്ചത്. അതോടെ പരസ്പരം ചീത്തവിളികളും ബൈക്കുകൾ ഇരപ്പിച്ചുള്ള പ്രകോപനങ്ങളും തുടങ്ങി. സ്ഥലത്ത് രണ്ട് പൊലീസുകാരും ആന്റണിയുടെ അകമ്പടി വാഹനത്തിലെ നാല് പൊലീസുകാരും മാത്രമാണുണ്ടായിരുന്നത്. ഇടതുപ്രവർത്തകരെ അനുനയിപ്പിച്ച് വഴിതിരിച്ചുവിടാനുള്ള പൊലീസിന്റെ ശ്രമം ഫലിച്ചില്ല. ഇതോടെ വാഹനം പിന്നോട്ടെടുക്കാമെന്നും റോഡ് ഷോ നടത്താൻ ദയവുണ്ടായി അനുവദിക്കണമെന്നും ശശിതരൂർ മൈക്കിലൂടെ അഭ്യർത്ഥിച്ചു. ഇടതു പ്രവർത്തകർ വഴങ്ങിയില്ല. തുടർന്ന് താനും ആന്റണിയും ഇറങ്ങി നടക്കുകയാണെന്ന് തരൂർ വീണ്ടും മൈക്കിലൂടെ അറിയിച്ചു. അതിന് കൂക്കുവിളികളും മുദ്രാവാക്യം വിളികളുമായിരുന്നു മറുപടി. അതോടെ ആന്റണിയും സംഘവും വാഹനത്തിൽ നിന്ന് ഇറങ്ങി നടക്കാൻ ശ്രമിച്ചു. ബൈക്കുകൾ മാറ്റാതിരുന്നതിനാൽ യാത്ര തടസപ്പെട്ടു. ഉന്തിലും തള്ളിലും പലപ്പോഴും ആന്റണി വീഴാൻ പോയെങ്കിലും പ്രവർത്തകർ താങ്ങി. ബൈക്കുകൾക്കിടയിലൂടെ പ്രവർത്തകരുടെ വലയത്തിൽ ഫുട്പാത്തിൽ കയറിയാണ് ആന്റണി രക്ഷപ്പെട്ടത്. ഇടത് പ്രവർത്തകരുടെ അപഹാസ ആരവങ്ങൾക്കിടെ അരമണിക്കൂറോളം പ്രയാസപ്പെട്ട് നടന്നാണ് ആന്റണി വീണ്ടും വാഹനത്തിൽ കയറിയത്. പ്രചാരണത്തിന്റെ ഒരുമണിക്കൂറോളം നഷ്ടമായി. പ്രചാരണസമയം തീരാൻ മുക്കാൽ മണിക്കൂർ മാത്രം ശേഷിക്കെ പൂന്തുറ വരെ സംസാരിക്കാതെയാണ് ആന്റണി പര്യടനം പൂർത്തിയാക്കിയത്. സംഭവം അറിഞ്ഞ് വെട്ടുകാട്,ശംഖുമുഖം, വലിയതുറ,ബീമാപള്ളി,പൂന്തുറ മേഖലകളിൽ വൻജനക്കൂട്ടം ആന്റണിയെ കാത്തു നിന്നിരുന്നു. പൂന്തുറപൊലീസ് സ്റ്റേഷന് മുന്നിലാണ് യാത്ര അവസാനിപ്പിച്ച് വിഷാദത്തോടെ ആന്റണി മടങ്ങിയത്.

ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് ശശിതരൂർ പറഞ്ഞു.

''എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവമാണിത്. തന്നെപോലുള്ള ഒരാൾക്ക് ഇതാണ് അനുഭവമെങ്കിൽ ഇവിടെ സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്തുന്നത് എങ്ങിനെ?.

--എ.കെ.ആന്റണി

''എന്റെ പ്രചാരണം തടയാനുള്ള ബോധപൂർവ്വമായ ശ്രമമാണിത്."

-- ശശി തരൂർ