ഹൈദരാബാദ് : ഈസ്റ്റർ ദിനത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒമ്പത് വിക്കറ്റിന് തകർത്തെറിഞ്ഞ് സൺറൈസേഴ്സ് ഹൈദരാബാദ് ഐ.പി.എല്ലിൽ പ്ളേ ഒഫ് സാദ്ധ്യതകൾ സജീവമാക്കി.
ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് അഞ്ചോവറുകൾ ബാക്കി നിൽക്കെയാണ് കൊൽക്കത്ത ഉയർത്തിയ 159/8 എന്ന സ്കോർ ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നത്. അർദ്ധ സെഞ്ച്വറികൾ നേടിയ ഡേവിഡ് വാർണറും (38 പന്തുകളിൽ 67 റൺസ്, മൂന്ന് ഫോർ, അഞ്ച് സിക്സ്) ജോണി ബെയർ സ്റ്റോയും (43 പന്തിൽ പുറത്താകാതെ 80 റൺസ്, 7 ഫോർ, 4 സിക്സ്( ചേർന്നാണ് ഹൈദരാബാദിന് ഈ സീസണിലെ അഞ്ചാം ജയം നൽകിയത്. ഇതോടെ പോയിന്റ് പട്ടികയിൽ 10 പോയിന്റുമായി ഹൈദരാബാദ് നാലാം സ്ഥാനത്തേക്ക് ഉയർന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് ഹൈദരാബാദിന്റെ ബൗളർമാർക്ക് മുന്നിൽ ക്ളച്ചുപിടിക്കാനായില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസർ ഖലീൽ അഹമ്മദും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറും ഓരോ വിക്കറ്റുമായി റാഷിദ് ഖാനും സന്ദീപ് ശർമ്മയും ചേർന്നാണ് ഷാറൂഖ് ഖാന്റെ ടീമിനെ തളച്ചിട്ടത്. ഓപ്പണിംഗിൽ ക്രിസ്‌ലിനും (47 പന്തിൽ 51), സുനിൽ നരെയ്‌നും (8 പന്തിൽ 25 റൺസ്) ചേർന്ന് വെടിക്കെട്ട് തുടക്കമാണ് കൊൽക്കത്തയ്ക്ക് നൽകിയത്. 2.4-ാം ഓവറിൽ നരെയ്‌നെ ഖലീൽ ബൗൾഡാക്കുമ്പോൾ കൊൽക്കത്ത 42 റൺസിലെത്തിയിരുന്നു. എന്നാൽ ആ താളം നിലനിറുത്താൻ സന്ദർശകർക്കായില്ല. ശുഭ് മാൻ ഗിൽ (3), നിതീഷ് റാണ (11), ദിനേഷ് കാർത്തിക് (6) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ 73/4 എന്ന നിലയിലായി. പിന്നീട് ലിന്നിന് ആർ.കെ. സിംഗ് (30) നൽകിയ പിന്തുണയാണ് 100 കടത്തിയത്. അവസാന ഓവറുകളിൽ റൺസ് ഉയർത്താനായിറങ്ങിയ ആന്ദ്രേ റസലിന് (15) പ്രതീക്ഷിച്ചപോലെ തിളങ്ങാൻ കഴിയാതിരുന്നതും കൊൽക്കത്തയ്ക്ക് തിരിച്ചടിയായി.
മറുപടിക്കിറങ്ങിയ ഹൈദരാബാദിന് വേണ്ടി വാർണറും ബെയർസ്റ്റോയും തകർത്തടിച്ചതോടെ കളിയുടെ കാര്യത്തിൽ തീരുമാനമായിരുന്നു. 12.2 ഓവറിൽ 131 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് സഖ്യം പിരിഞ്ഞത്. വാർണർക്ക് പകരമിറങ്ങിയ ക്യാപ്ടൻ കേൻവില്യംസൺ (8) ബെയർസ്റ്റോയ്ക്കൊപ്പം ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ഖലീൽ അഹമ്മദാണ് മാൻ ഒഫ് ദ മാച്ച്.
സ്കോർ കാർഡ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 159/8
ക്രിസ്‌ലിൻ 51, നരെയ്‌ൻ 25, ആർ.കെ. സിംഗ് 30
ഖലീൽ അഹമ്മദ് 3/33, ഭുവനേശ്വർ 2/35
സൺറൈസേഴ്സ് ഹൈദരാബാദ് 161/1
വാർണർ 67, ബെയർസ്റ്റോ 80 നോട്ടൗട്ട്
517
ഈ സീസണിൽ 500 റൺസ് കടക്കുന്ന ആദ്യ ബാറ്റ്സ്‌മാനായി സൺറൈസേഴ്സ് താരം ഡേവിഡ് വാർണർ.
ഒൻപതാമത്തെ മത്സരത്തിനിറങ്ങിയ വാർണർ ഇന്നലെ 517 റൺസ് തികച്ചു.
6
വാർണറുടെ സീസണിലെ ആറാമത്തെ അർദ്ധ സെഞ്ച്വറിയാണ് ഇന്നലെ പിറന്നത്. ഒരു സെഞ്ച്വറിയും നേടിയിട്ടുണ്ട്.
445
സീസണിലെ റൺ വേട്ടക്കാരിൽ രണ്ടാംസ്ഥാനം ബെയർ സ്റ്റോയ്ക്കാണ്. ഒരു സെഞ്ച്വറിയും രണ്ട് അർദ്ധ സെഞ്ച്വറികളുമടക്കമാണ് ഒൻപത് മത്സരങ്ങളിൽനിന്ന് ബെയർസ്റ്റോ 445 റൺസ് നേടിയിരിക്കുന്നത്.