തിരുവനന്തപുരം : യൂണിഫോമിടാതെ വിലസിനടന്നു ശീലിച്ച പൊലീസിലെ സംഘടനാ നേതാക്കൾ തിരഞ്ഞെടുപ്പ് കാലത്തും ഡ്യൂട്ടി ചെയ്യാൻ വിസമ്മതിച്ചു. മക്കളുടെ കല്ല്യാണത്തിന് അവധിയെടുത്തവരെയും മെഡിക്കൽ ലീവിൽ കഴിഞ്ഞവരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി തിരികെ വിളിച്ചിട്ടും സംഘടനാ നേതാക്കൾക്ക് പേരിന് പോലും ഡ്യൂട്ടി നൽകിയിട്ടില്ല. പൊലീസ് അസോസിയേഷന്റെയും ഓഫീസേഴ്സ് അസോസിയേഷന്റെയും തലസ്ഥാനത്തെ നേതാക്കളായ നാല്പതോളം പേരാണ് ജോലിചെയ്യാൻ വിസമ്മതിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് തിരഞ്ഞെടുപ്പ് കാലത്ത് കൂട്ടത്തോടെ പൊലീസുകാർ ഡ്യൂട്ടിയിൽ നിന്ന് മാറി നിൽക്കുന്നത്.
ഡ്യൂട്ടിക്ക് നിയോഗിച്ചപ്പോൾ യൂണിഫോമില്ലെന്ന വിചിത്രമായ മറുപടിയാണ് ഓഫീസ് അസോസിയേഷൻ ഭാരവാഹിയായ ഗ്രേഡ് എസ്.ഐ മേലുദ്യോഗസ്ഥന് നൽകിയത്. ഡ്യൂട്ടി ലിസ്റ്റിൽ പേര് ഉൾപ്പെടുത്തിയ എ.ആർ ക്യാമ്പിലെ അസിസ്റ്റന്റ് കമ്മിഷണറുടെ മുഖത്ത് നോക്കി അസഭ്യവും പറഞ്ഞു. ഇതോടെ നേതാക്കളെ എണ്ണത്തിൽ പോലും കാണിച്ചിട്ടില്ല. മറ്റ് ജില്ലകളിലെ നേതാക്കൾ ഡ്യൂട്ടിചെയ്യുമ്പോഴാണ് തിരുവനന്തപുരത്തെ നേതാക്കൾ പൊലീസ് സേനയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുന്നത്. ക്യാമ്പിലെ ഉൾപ്പെടെ പൊലീസുകാരെ ഭീഷണിപ്പെടുത്തി പോസ്റ്റൽ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാൻ വേണ്ടിയാണ് ഇവർ കൂട്ടത്തോടെ ജോലിയിൽ നിന്ന് മാറി നിൽക്കുന്നതെന്നാണ് വിവരം. പൊലീസ് അസോസിയേഷന്റെയും ഓഫീസേഴ്സ് അസോസിയേഷന്റെയും നേതാക്കളെ ആദ്യം കൊല്ലം റൂറലിലാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. എതിർപ്പുമായി രംഗത്തെത്തിയതോടെ ഇവരെ തിരഞ്ഞെടുപ്പ് കാലത്തെ പ്രത്യേക പരിശോധനയ്ക്കായുള്ള സ്ട്രൈക്കിംഗ് വിഭാഗത്തിലേക്ക് മാറ്റി. അതിനും തയ്യാറാകാതെ മേലുദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കിയാണ് നേതാക്കൾ കൂട്ടത്തോടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവായത്. ഇന്നലെ മുതൽ പൊലീസുകാരെല്ലാം യൂണിഫോം ധരിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണ്. എന്നാൽ നേതാക്കൾ മഫ്തിയിൽ കറങ്ങി നടക്കുകയാണ്. തിരഞ്ഞെടുപ്പ് ജോലിക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം തികയാത്തതിനാൽ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും പൊലീസുകാരെ വിളിച്ചുവരുത്തിയ സാഹചര്യത്തിലാണ് സംഘടനാ നേതാക്കളെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.