തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടെ സംസ്ഥാനത്ത് പലയിടത്തും സംഘർഷം.ആലത്തൂരിൽ സി.പി.എം- കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കല്ലേറിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനും എം.എൽ.എമാരായ അനിൽ അക്കരയ്ക്കും കെ.ഡി.പ്രസേനനുംപരിക്കേറ്റു. ഇവർ താലൂക്കുശുപത്രിയിൽ പ്രവേശിപ്പിച്ചു.ആലത്തൂരിലെ മുതലമട അംബേദ്കർ കോളനിയിൽ കോൺഗ്രസ് പ്രവർത്തകരായ മൂന്ന് പേർക്ക് വെട്ടേറ്റു
തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകസമിതിയംഗമായ എ.കെ.ആന്റണിയുടെ റോഡ് ഷോ ഇടതുമുന്നണി പ്രവർത്തകർ ബലമായി തടഞ്ഞു.കഴക്കൂട്ടത്ത് ബി.ജെ.പി. സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് നേരെ ഇടത് പ്രവർത്തകർ ചെരിപ്പെറിഞ്ഞു.
തിരുവല്ലയിൽ സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസുകാർ ഉൾപ്പെടെ മുപ്പതോളം പേർക്ക് പരിക്കേറ്റു. പത്തിലേറെ വാഹനങ്ങൾ തകർത്തു. . ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എസ്.എൻ.ഹരികൃഷ്ണൻ, വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ, മഹിളാമോർച്ചാ നിയോജക മണ്ഡലം സെക്രട്ടറി സീമാ അനിൽ, തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ പൊലീസുകാരായ ഉണ്ണികൃഷ്ണൻ, വിഷ്ണു, പ്രണവ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.ജയകുമാർ, രാജേഷ് മലയിൽ എന്നിവർക്കും സി.പി.എമ്മിലെ പത്തോളം പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കരുനാഗപ്പള്ളിയിലുണ്ടായ സംഘർഷത്തിലും തുടർന്നുണ്ടായ ലാത്തിചാർജിലും അഞ്ച് വയസുകാരൻ ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റു.പിതാവിന്റെ ചുമലിൽ ഇരിക്കുകയായിരുന്ന അഞ്ചു വയസുകാരൻ നബീലിന് കല്ലേറിലാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ എൽ. ഡി.എഫ് പ്രവർത്തകൻ ചന്തു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കാസർകോട് ജില്ലയിൽ ഉദുമ, പടന്ന എന്നിവിടങ്ങളിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ ഏറ്റുമുട്ടി. ഉദുമ പള്ളത്തുണ്ടായ സംഘർഷത്തിൽ രണ്ട് പൊലീസുകാരടക്കം അഞ്ച് പേർക്ക് പരിക്കേറ്റു.പടന്നയിൽ മൂസഹാജി മുക്കിൽ കൊട്ടിക്കലാശം കഴിഞ്ഞു പോകുകയായിരുന്ന സി.പി.എം പ്രവർത്തകരെ ലീഗ് ഓഫീസിനടുത്ത് വച്ച് കല്ലെറിഞ്ഞു. കാസർകോട് നഗരത്തിൽ എൻ.ഡി.എ, എൽ.ഡി.എഫ് പ്രവർത്തകർ തമ്മിലും സംഘർഷമുണ്ടായി.
തൊടുപുഴയിലുണ്ടായ സംഘർഷത്തിൽ നാല് യു. ഡി. എഫ് പ്രവർത്തകർക്ക് പരിക്കേറ്റു.
കൊച്ചി പാലാരിവട്ടത്ത് എൽ.ഡി.എഫ് പ്രവർത്തകർക്കിടയിലേക്ക് എസ്.ഡി.പി.ഐ പ്രവർത്തകൻ ബൈക്ക് ഓടിച്ചുകയറ്റിയത് നേരിയ സംഘർഷത്തിന് കാരണമായി. എൽ.ഡി.എഫിന്റെ റാലിക്കിടയിൽ സ്ഥാനാർത്ഥി പി. രാജീവ് നിന്നിടത്തേക്കാണ് എസ്.ഡി.പി.എെക്കാരിലൊരാൾ ബൈക്ക് ഓടിച്ച് കയറ്റിയത്.ഇയാളെ പിന്നീട് പ്രവർത്തകർ ഇടപെട്ട് സ്ഥലത്ത് നിന്നും മാറ്റി.
കൊടുങ്ങല്ലൂരിൽ സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ബി.ജെ.പി വനിതാ പഞ്ചായത്ത് അംഗവും ഭർത്താവും ഉൾപ്പെടെ ആറ് പേർ പരിക്കേറ്റു.
പത്തനംതിട്ടയിൽ ബി.ജെ.പി. സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ റോഡ് ഷോ തടഞ്ഞു.പൊന്നാനിയിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി. വി.അൻവറിന്റെ വാഹനം യു.ഡി.എഫ്. ലീഗ് പ്രവർത്തകർ തടഞ്ഞു.
വടകരയിൽ നിരോധനാജ്ഞ
വോട്ടെടുപ്പ് നടക്കുന്ന നാളെ വടകരയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈകിട്ട് ആറ് മുതൽ 24 ന് രാത്രി 10 വരെയാണ് നിരോധനാജ്ഞ. വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മൽ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ക്രിമിനൽ നടപടി ചട്ടം 144 പ്രകാരം ജനങ്ങൾ സംഘം ചേരുകയോ കൂട്ടംകൂടുകയോ ചെയ്യാൻ പാടില്ലെന്നാണ് കളക്ടറുടെ ഉത്തരവ്.