മാഡ്രിഡ് : കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ സോസിഡാഡിനെ കീഴടക്കിയ ബാഴ്സലോണ സ്പാനിഷ് ലാലിഗ ഫുട്ബാൾ കിരീടത്തിലേക്ക് അടുത്തു.
ബാഴ്സലോണയുടെ തട്ടകമായ കാംപ് നൗവിൽ നടന്ന മത്സരത്തിൽ 45-ാം മിനിട്ടിൽ ലെംഗ്‌ലെറ്റും 64-ാം മിനിൽ ജോർഡി അൽബയുമാണ് ആതിഥേയർക്ക് വേണ്ടി സ്കോർ ചെയ്തത്. 62-ാം മിനിട്ടിൽ യുവാൻമി റയൽ സോസിഡാഡിനെ സമനിലയിലെത്തിച്ചിരുന്നുവെങ്കിലും അതിന് അധികം ആയുസുണ്ടായിരുന്നില്ല.
33 മത്സരത്തിൽ നിന്ന് 77 പോയിന്റുള്ള ബാഴ്സലോണ രണ്ടാംസ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനെക്കാൾ ഒൻപത് പോയിന്റ് മുന്നിലാണ്. ലീഗിൽ അഞ്ച് മത്സരങ്ങളാണ് ബാഴ്സലോണയ്ക്ക് അവശേഷിക്കുന്നത്. മൂന്നാംസ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 32 മത്സരങ്ങളിൽനിന്ന് 61 പോയിന്റുണ്ട്.
കഴിഞ്ഞ രാത്രി ലാലിഗയിൽ നടന്ന മറ്റ് മത്സരങ്ങളിൽ ഗെറ്റാഫെ 3- 0ത്തിന് സെവിയെ കീഴടക്കിയപ്പോൾ ലെവാന്റെയും എസ്‌പാന്യോളും 2-2 ന് സമനിലയിൽ പിരിഞ്ഞിരുന്നു.
നാണംകെട്ട്
മാഞ്ചസ്റ്റർ
4-0 ത്തിന് എവർട്ടൺ
മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് നാണംകെടുത്തി എവർട്ടന്റെ കൊടിയേറ്റം. മാഞ്ചസ്റ്ററിനെതിരെ എവർട്ടൺ പ്രിമിയർ ലീഗിൽ നേടുന്ന ഏറ്റവും വലിയ വിജയമാണിത്.
13-ാം മിനിട്ടിൽ റിച്ചാലിസൺ, 28-ാം മിനിട്ടിൽ സി ഗുറോസൺ, 56-ാം മിനിട്ടിൽ ഡിഗ്‌നെ , 64-ാം മിനിട്ടിൽ തിയോ വാൽക്കോട്ട് എന്നിവരാണ് മാഞ്ചസ്റ്ററിന്റെ വലയിൽ സ്കോർ ചെയ്തത്.
ഈ തോൽവിയോടെ പ്രിമിയർ ലീഗിൽ ആദ്യ നാല് സ്ഥാനത്തിനുള്ളിൽ ഫിനിഷ് ചെയ്യുമെന്ന മാഞ്ചസ്റ്ററിന്റെ പ്രതീക്ഷയ്ക്കും മങ്ങലേറ്റു. ഇപ്പോൾ 33 കളികളിൽ നിന്ന് 64 പോയിന്റുമായി ആറാംസ്ഥാനത്തണ് മാഞ്ചസ്റ്റർ.