കിളിമാനൂർ: രണ്ട് പെൺമക്കളുടെയും ചെറുമകളുടെയും മരണത്തിനിടയാക്കിയ സംഭവത്തിലെ ദുരൂഹതകൾ മാറുംമുമ്പേ പിതാവ് മരണത്തിന് കീഴടങ്ങി. കിളിമാനൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ജാസ്മിൻ മൻസിലിൽ സൈനുദീൻ (78) ആണ് ഇന്നലെ യാത്രയായത്. അസുഖത്തെ തുടർന്നാണ് മരണം . മൂന്നുവർഷം മുമ്പ് സൈനുദ്ദീന്റെ ഭാര്യ സോഫിയ, മകൾ ജാസ്മിൻ എന്നിവർ ജാസ്മിന്റെ മകൾ ഫാത്തിമയുമായി ആക്കുളം പാലത്തിൽനിന്ന് കായലിലേക്ക് ചാടുകയും, ജാസ്മിനും മകൾ ഫാത്തിമയും മരണപ്പെടുകയും ചെയ്തിരുന്നു. സോഫിയയെ നാട്ടുകാർ രക്ഷപ്പെടുത്തി. സംഭവം അറിഞ്ഞ് ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് തിരിച്ച ജാസ്മിന്റെ സഹോദരി സജ്ന പിറ്റേദിവസം തിരുവനന്തപുരം പേട്ട റയിൽവേ സ്റ്റേഷനു സമീപം ട്രെയിൻതട്ടി മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. മരണങ്ങൾ സംബന്ധിച്ച് ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമായിരുന്നില്ല. പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കവെയാണ് സൈനുദീന്റെ മരണം. മകൻ: റിയാസ്.