തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടൻമോഹൻലാൽ ഒരു ത്രീഡി സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നു.തന്റെ ബ്ലോഗിലൂടെയാണ് അദ്ദേഹം ആരാധകരെയും പ്രേക്ഷകരെയും അമ്പരപ്പിച്ചുകൊണ്ട് പുതിയ പ്രഖ്യാപനം നടത്തിയത്.
'ബറോസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുമെന്ന് മോഹൻലാൽ പറയുന്നു.
ഈ തീരുമാനം മുൻകൂട്ടിയെടുത്തതല്ല. ഒരു ത്രീ-ഡി സ്റ്റേജ് ഷോ എന്ന ആശയവുമായി വർഷങ്ങൾക്ക് മുമ്പ് മൈ ഡിയർ കുട്ടിച്ചാത്തൻ സിനിമയുടെ സംവിധായകൻ ജിജോയെ പോയി കണ്ടു. അന്ന് അത്തരത്തിലുള്ള ഒരു പ്രോജക്ടിന് ഭീമമായ തുക ചെലവാകും എന്ന് മനസിലായതിനാൽ അത് ഉപേക്ഷിച്ചു. എന്നാൽ ജിജോയുമായുള്ള സംസാരത്തിൽ അദ്ദേഹം പങ്കുവച്ച ഒരു ഇംഗ്ലീഷ് കഥ തന്നെ ആകർഷിച്ചു. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസിന്റെ കഥ.നാണൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന അയാളുടെ അടുത്തേക്ക് ഒരു കുട്ടി വരുന്നു. അവർ തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം.ബറോസായി വേഷമിടുന്നതും ഞാൻ തന്നെ. ഗോവയിലായിരിക്കും സിനിമ ചിത്രീകരിക്കുക. ഒരുപാട് വിദേശ അഭിനേതാക്കൾ വേണം. പ്രത്യേകിച്ചും ആ കുട്ടി. ബറോസ് ഒരു തുടർ സിനിമ ആയിട്ടായിരിക്കും സൃഷ്ടിക്കപ്പെടുകയെന്നും മോഹൻലാൽ പറഞ്ഞു.
എന്റെ മനസ് ഇപ്പോൾ ബറോസിന്റെ ലഹരിയിലാണ്. ഒരുപാട് ദൂരങ്ങൾ താണ്ടാനുണ്ട്. പല കാര്യങ്ങൾ ചെയ്യാനുണ്ട്. സംവിധാനം എന്ന കിരീടത്തിന്റെ ഭാരം എനിക്ക് നന്നായിട്ടറിയാം.എത്ര കാലമായി ഞാനത് കണ്ടുകൊണ്ടിരിക്കുന്നു.ഇപ്പോൾ എന്റെ ശിരസിലും ആ ഭാരം അമരുന്നു.
എന്റെ രാവുകൾക്ക് ഉറക്കം നഷ്ടപ്പെടുന്നു. ഈ അസ്വസ്ഥതകളിൽ നിന്നും ബറോസ് പുറത്തു വരും. കയ്യിൽ ഒരു നിധി കുംഭവുമായി.
-മോഹൻലാൽ